Flash News

കേരള ബാങ്ക് ഓണത്തിനുമുമ്പ് യാഥാര്‍ഥ്യമാക്കും: മന്ത്രി

കണ്ണൂര്‍: മലയാളികള്‍ക്ക് ഓണസമ്മാനമായി കേരള ബാങ്ക് ഓണത്തിനുമുമ്പ് യാഥാര്‍ഥ്യമാക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരള സഹകരണ കോണ്‍ഗ്രസ് സമാപനത്തിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ബാങ് രൂപീകരണവുമായി ബന്ധപ്പെട്ട് സഹകാരി സമൂഹത്തിന്റെ പൂര്‍ണ പിന്തുണ ലഭിച്ചിട്ടുണ്ട്. സഹകരണ കോണ്‍ഗ്രസും ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. എന്നാല്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍ ലയിപ്പിക്കുമോ എന്നാണ് ചിലരുടെ ആശങ്ക.
അതില്‍ അടിസ്ഥാനമില്ല. ഈ ബാങ്കുകളെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
42 ശതമാനം സഹകരണ ബാങ്കുകളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കേരള ബാങ്ക് വരുന്നതോടെ ആധുനിക ബാങ്കിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ അത്തരം ബാങ്കുകള്‍ക്ക് സഹായം നല്‍കും. പുതുതലമുറ ബാങ്കുകളും ദേശസാല്‍കൃത ബാങ്കുകളും നല്‍കുന്ന എല്ലാ സേവനങ്ങളും നല്‍കാനാകുംവിധം പ്രാഥമിക സഹകരണ ബാങ്കുകള്‍ സജ്ജമാക്കും. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ശാക്തീകരിക്കും. ജനാധിപത്യപരമായി തിരഞ്ഞെടുക്കുന്ന ഭരണസമിതിയായിരിക്കും കേരള ബാങ്കിന്റേത്. പിഎസ്എസി വഴിയായിരിക്കും നിയമനം. വൈവിധ്യവല്‍ക്കരണവും ആധുനികവല്‍ക്കരണവുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സഹകരണ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. ഉദ്യോഗസ്ഥരുടെ ജനസമ്പര്‍ക്കം വിപുലപ്പെടുത്താന്‍ അവര്‍ക്ക് ബിഎസ്എന്‍എല്‍ സിയുജി (ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ് താരിഫ്) നമ്പര്‍ നല്‍കും. പഴകിയ ഓഡിറ്റ് സംവിധാനമാണ് ചില സംഘങ്ങളിലെങ്കിലും ക്രമക്കേടുകള്‍ക്ക് കാരണം. ഇതു പരിഹരിക്കാന്‍ ഓഡിറ്റ് സംവിധാനം ക്രമവല്‍ക്കരിക്കും. സഹകരണ കോണ്‍ഗ്രസിന്റെ കാലാവധി അഞ്ചുവര്‍ഷമെന്നത് മൂന്നുവര്‍ഷമായി പരിമിതപ്പെടുത്തും. പുതിയ സഹകരണ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം ഉടന്‍ ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it