കേരള ബാങ്കിന് ഈ മാസം അവസാനത്തോടെ അംഗീകാരമാവും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകൃതമാവുന്ന കേരള ബാങ്കിന് ഈ മാസം അവസാനത്തോടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനു വേണ്ടി മന്ത്രി എ കെ ബാലന്‍ നിയമസഭയെ അറിയിച്ചു. നിലവില്‍ നബാര്‍ഡ് അംഗീകാരത്തോടെ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
കേരള ബാങ്കിന്റെ രൂപീകരണത്തിനായി കേരള സഹകരണ നിയമത്തില്‍ വരുത്തേണ്ട ഭേദഗതി സംബന്ധിച്ചു ലീഗല്‍ സെല്‍ സമര്‍പ്പിച്ച കരടു ഭേദഗതി നിര്‍ദേശങ്ങളിന്മേല്‍ അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. കേരള ബാങ്കിന് മേഖലാ കേന്ദ്രങ്ങള്‍ ഉണ്ടാവുമോ എന്നതു സംബന്ധിച്ചും ജില്ലാതല ഘടന സംബന്ധിച്ചും തീരുമാനമായിട്ടില്ല. ജില്ലാ ബാങ്കിലെ നിലവിലെ ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാവില്ല. റിപോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്കുള്ള നിയമനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.
കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ അഫിലിയേഷന്‍ സംസ്ഥാന സഹകരണ ബാങ്കുമായിട്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
നിലവില്‍ ഇത് ജില്ലാ ബാങ്കുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇതുമൂലം പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് മെച്ചമാണ് ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it