കേരള ബാങ്കിനെ കുറിച്ച് ആശങ്ക വേണ്ട: മന്ത്രി കടകംപള്ളി

കണ്ണൂര്‍: കേരള ബാങ്കിനെ കുറിച്ച് ആശങ്കകളൊന്നും വേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ നയം സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ബിടി-എസ്ബിഐ ലയനം പോലെയാവില്ല. സഹകരണ ബാങ്കിന്റെ ഒരു ശാഖയും പൂട്ടില്ല. ശര്‍മ കമ്മീഷന്‍ റിപോര്‍ട്ടിലെ എല്ലാ കാര്യങ്ങളെയും സ്വീകരിക്കാനാവില്ല. സഹകരണ ബാങ്കിന് എന്‍ആര്‍ഐ നിക്ഷേപം നിലവില്‍ സ്വീകരിക്കാനാവില്ല. കേരള ബാങ്ക് വരുന്നതോടെ അതിനു സാധിക്കുമെന്നത് നേട്ടമാവും. 1.50 ലക്ഷം കോടിയാണ് കേരളത്തിലെ എന്‍ആര്‍ഐ നിക്ഷേപം. ഇതുസംബന്ധിച്ച അനാവശ്യ ആശങ്കകള്‍ക്കൊന്നും അടിസ്ഥാനമില്ല. സഹകരണ നയത്തില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ പോസിറ്റീവായാണു കാണുന്നത്. ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാം. ഇതിനുശേഷം മാറ്റംവരുത്തി നിയമസഭയില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കേരള ബാങ്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ആശങ്കകള്‍ ദൂരീകരിക്കാന്‍ ജനങ്ങളും സഹകാരികളുമായി വിശദമായ ചര്‍ച്ചകളും കൂടിയാലോചനകളും നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹകരണ കോണ്‍ഗ്രസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ധനകാര്യസ്ഥാപനങ്ങളുടെ ഏകീകരണം സാധാരണക്കാര്‍ക്ക് അനുഗുണമാവില്ലെന്ന് എസ്ബിടി-എസ്ബിഐ ലയനം തെളിയിച്ചതാണ്. സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പണമെടുക്കുന്നത് അവയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിലും ഗൗരവമായ ആലോചനകളുണ്ടാവണം. പ്രാദേശിക സഹകരണ സ്ഥാപനം വഴിയുള്ള കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണ പദ്ധതി എത്രമാത്രം വിജയിക്കുമെന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമാണ്. കോര്‍പറേറ്റ് ശക്തികള്‍ക്ക് വേണ്ടിയാണ് പൊതുമേഖലാ ബാങ്കുകള്‍ നിലകൊള്ളുന്നത്. സഹകരണ ബാങ്കുകളെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it