Flash News

കേരള പ്രീമിയര്‍ ലീഗ് : സെമി ലക്ഷ്യമിട്ട് ടീമുകളുടെ ഇഞ്ചോടിഞ്ചു പോരാട്ടം



കൊച്ചി: ഐഎസ്എല്ലിനെ പിന്തുടര്‍ന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ രൂപം നല്‍കിയ കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 44 മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പല ടീമുകളും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമാണ്. രണ്ടു ഗ്രൂപ്പുകളിലായി 10 ടീമുകള്‍ ഹോം ആന്‍ഡ് എവേ മല്‍രത്തില്‍ മാറ്റുരച്ചപ്പോള്‍ കേരളത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം പിറക്കുകയായിരുന്നു. സെമിഫൈനല്‍ പ്രവേശനത്തിന് ഇനിയുള്ളത് ഇഞ്ചോടിഞ്ചു പോരാട്ടമായിരിക്കും. ഗ്രൂപ്പ് എയില്‍, ആറു മല്‍സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ടു തോല്‍വിയുമായി 12 പോയിന്റുള്ള ഗോകുലം എഫ്‌സി സെമിയില്‍ കടന്നിട്ടുണ്ട്. ആറു മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ജയവും രണ്ടു തോല്‍വിയും ഒരു സമനിലയുമായി എഫ്‌സി കേരളയ്ക്ക് പത്തു പോയിന്റുണ്ട്. മേയ് 27ന് നടക്കുന്ന് ഗ്രൂപ്പ് എയിലെ മല്‍സരത്തില്‍ കെഎസ്ഇബി (8 പോയിന്റ്), കൊച്ചി പോര്‍ട്ട് ട്രസ്റ്റിനെ (1 പോയിന്റ്) മറികടന്നാല്‍ 11 പോയിന്റോടെ കെഎസ്ഇബി സെമിയിലെത്തും. അതേസമയം, കെഎസ്ഇബി തോറ്റാല്‍ എഫ്‌സി കേരള പത്തുപോയിന്റോടെ സെമിയില്‍ കയറും. ഗ്രൂപ്പ് ബിയില്‍ സാറ്റ് തിരൂര്‍, 10 മല്‍സരങ്ങളില്‍ നിന്ന് ആറു വിജയവും രണ്ടു തോല്‍വിയും രണ്ടു സമനിലയും വഴി 20 പോയിന്റുമായി സെമിയിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. എഫ്‌സി തൃശൂരിന് 18 പോയിന്റും കേരള പോലിസിന് 17 പോയിന്റും ആണുള്ളത്. എഫ്‌സി തൃശൂരിനും സെമി സാധ്യതയുണ്ട്. എന്നാല്‍ 27ന് നടക്കുന്ന കേരളാ പോലിസ്- എസ്ബിഐ മല്‍സരത്തില്‍ കേരള പോലിസ് ജയിച്ചാല്‍ 20 പോയിന്റോടെ അവര്‍ സെമിയില്‍ പ്രവേശിക്കും. മെയ് 29ന് തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലും തിരൂര്‍ രാജീവ്ഗാന്ധി സ്റ്റേഡിയത്തിലുമാണ് സെമിഫൈനല്‍. ഫൈനല്‍ 31ന് തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലും നടക്കും. നാലു മണിക്കാണ് മല്‍സരം. കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ആണ് കേരള പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍.
Next Story

RELATED STORIES

Share it