Flash News

കേരള പ്രീമിയര്‍ ലീഗ് : ജയത്തോടെ സാറ്റ് മലപ്പുറം സെമിഫൈനലില്‍



കൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍ മികച്ച ജയത്തോടെ സാറ്റ് (സ്‌പോര്‍ട്‌സ് അക്കാദമി മലപ്പുറം) ഗ്രൂപ്പ് ബിയില്‍ നിന്ന് സെമിഫൈനല്‍ ഉറപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെന്‍ട്രല്‍ എക്‌സൈസിനെ പരാജയപ്പെടുത്തിയാണ് സാറ്റ് കേരള പ്രീമിയര്‍ ലീഗില്‍ സെമിയിലെത്തുന്ന ആദ്യടീമായത്. സാറ്റ് മലപ്പുറത്തിന് വേണ്ടി ഫസലു റഹ്മാന്‍ (27-ാം മിനിട്ട്), ഷഹീദ് (67-ാം മിനിട്ട്) സ്‌കോര്‍ ചെയ്തപ്പോള്‍  എക്‌സൈസിന് വേണ്ടി മെല്‍വിനോ (44-ാം മിനിട്ട്) ആശ്വാസ ഗോള്‍ നേടി. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന സാറ്റിനെതിരെ എക്‌സൈസ് ടീമിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആദ്യപകുതിയുടെ ഏറിയ പങ്കും പന്ത് കാലില്‍ സൂക്ഷിച്ചാണ് സാറ്റ് കളിച്ചത്. ഒത്തിണക്കമില്ലാതെ പന്ത് തട്ടിയ എക്‌സൈസിന്റെ മുന്നേറ്റങ്ങള്‍ ഫലം കണ്ടതുമില്ല. അതേസമയം കളിയുടെ ആദ്യമിനിറ്റ് മുതല്‍ എതിരാളികളുടെ വല ഉന്നം വച്ച് ഷോട്ടുകള്‍ പായിക്കാന്‍ സാറ്റിന് സാധിച്ചു. അതില്‍ അവര്‍ ഫലം കാണുകയും ചെയ്തു. ഇടത് പാര്‍ശ്വത്തിലൂടെ ഉയര്‍ന്നുവന്ന പന്തില്‍ കൃത്യമായി തലവച്ച് ഫസലു റഹ്മാന്‍ സാറ്റിന് ലീഡ് സമ്മാനിച്ചു. ഗോള്‍ വീണ ആഘാതത്തില്‍ നിന്ന് ഉണര്‍ന്ന് കളിച്ച എക്‌സൈസിന്റെ നീക്കം ഫലം കണ്ടത് ഇടവേളയ്ക്ക് തൊട്ടുമുന്‍പ്. പെനല്‍റ്റി ബോക്‌സിലുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് മെല്‍വിനോ സാറ്റ് വല കുലുക്കി. മല്‍സരത്തില്‍ സെന്‍ട്രല്‍ എക്‌സൈസ് ആഹഌദിച്ച ഏക നിമഷമായി അത്. രണ്ടാം പകുതിയിലും സാറ്റ് ഉണര്‍ന്നു കളിച്ചു. ഒരു വിജയത്തിലൂടെ സെമി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാമെന്നിരിക്കെ 67ാം മിനിറ്റില്‍ ഷാഹിദിന്റെ കൃത്യത സാറ്റിന് ടൂര്‍ണമെന്റില്‍ ഒരിക്കല്‍ കൂടി വിജയം സമ്മാനിച്ചു. ഒപ്പം സെമിയിലേക്കുള്ള ടിക്കറ്റും. മറുവശത്ത് ഒമ്പത് കളിയില്‍ നിന്ന് ഏഴ് തോല്‍വി ഏറ്റുവാങ്ങി സെന്‍ട്രല്‍ എക്‌സൈസ് ഗ്രൂപ്പ് ബിയില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. കേരള പോലിസും തൃശൂര്‍ എഫ്‌സിയുമാണ് ഇനി സെമിഫൈനല്‍ ബര്‍ത്ത് ലക്ഷ്യമിട്ട്  ഗ്രൂപ്പ് ബിയിലുള്ളത്. ഇതില്‍ തൃശൂരിന്റെ ലീഗ് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവര്‍ക്ക് 18 പോയിന്റുണ്ട്. കേരള പോലിസിന് ഒരു മല്‍സരം ശേഷിക്കെ 17 പോയിന്റും . അടുത്ത മല്‍സരം പോലിസ് ടീം ജയിച്ചാല്‍ തൃശൂരിനെ പിന്തള്ളി അവര്‍ക്ക് സാറ്റിനൊപ്പം സെമിയിലെത്താം.
Next Story

RELATED STORIES

Share it