Flash News

കേരള പ്രീമിയര്‍ ലീഗ്; ഗോകുലം കേരള എഫ്‌സിക്ക് കിരീടം

കേരള പ്രീമിയര്‍ ലീഗ്; ഗോകുലം കേരള എഫ്‌സിക്ക് കിരീടം
X

തൃശൂര്‍: കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം കേരള എഫ്‌സിക്ക്. ഇന്ന്‌
നടന്ന ആവേശ ഫൈനലില്‍ ക്വാര്‍ട്‌സ് എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം കേരളത്തിലെ ചാംപ്യന്‍മാരായത്. കഴിഞ്ഞ സീസണില്‍ സെമി ഫൈനലില്‍ അവസാനിച്ച പോരാട്ടം ഇത്തവണ കിരീടത്തിലേക്കെത്തിച്ചാണ് ഗോകുലം കരുത്തുകാട്ടിയത്. ഗോകുലത്തിന്റെ കന്നി കെപിഎല്‍ കിരീടം കൂടിയാണിത്.
ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമായിരുന്നു ഗോകുലം രണ്ട് ഗോളും സ്വന്തമാക്കിയത്. പകരക്കാരനായി ഇറങ്ങിയ ഉഗാണ്ടന്‍ സൂപ്പര്‍ താരം ബ്രയാന്‍ ഉമ്‌നോയാണ് ഗോകുലത്തിന്റെ അക്കൗണ്ട് തുറന്നത്. പിന്നീട് ശക്തമായ പ്രതിരോധം തീര്‍ത്ത ഗോകുലത്തിന് മുന്നില്‍ കരുത്തരായ ക്വാര്‍ട്‌സിന്റെ മുന്നേറ്റങ്ങളെല്ലാം നിഷ്പ്രഭമായി. പിന്നീട് കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ യുവതാരം അര്‍ജുന്‍ ജയരാജാണ് ഗോകുലത്തിനായി രണ്ടാം ഗോള്‍ നേടിയത്. അവസാന മിനിറ്റുകളില്‍ ക്വാര്‍ട്‌സിന്റെ ഉഗാണ്ടന്‍ സ്‌ട്രൈക്കര്‍ ഇമ്മാനുവല്‍ ശക്തമായ ആക്രമണം നടത്തിയെങ്കിലും ഗോകുലത്തിന്റെ പ്രതിരോധത്തെ ഭേദിക്കാനായില്ല.
സെമിയില്‍ സാറ്റ് തിരൂരിനെ പരാജയപ്പെടുത്തിയായിരുന്നു ഗോകുലത്തിന്റെ ഫൈനല്‍ പ്രവേശനം. അതേ സമയം എഫ് സി തൃശൂരിനെ തോല്‍പ്പിച്ചായിരുന്നു ക്വാര്‍ട്‌സ് ഫൈനലില്‍ കടന്നത്.  ടൂര്‍ണമെന്റിലാകെ 10 ഗോളുകള്‍ നേടിയ ക്വാര്‍ട്‌സിന്റെ ഇമ്മാനുവലാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍.
Next Story

RELATED STORIES

Share it