Districts

കേരള പിവിസിയുടെ പ്രബന്ധമോഷണം സിന്‍ഡിക്കേറ്റ് ഉപസമിതി തെളിവെടുത്തു

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സൈക്കോളജി പഠനവകുപ്പില്‍നിന്ന് പിഎച്ച്ഡി നേടിയ കേരള പിവിസി ഡോ. വീരമണികണ്ഠന്റെ പിഎച്ച്ഡി തിസീസ് അമേരിക്കന്‍ സൈക്യാട്രിസ്റ്റായ പോള്‍ലെഹാറുടെ പിഎച്ച്ഡി തിസീസില്‍നിന്ന് പകര്‍ത്തി എഴുതിയെന്ന പരാതിയില്‍ സിന്‍ഡിക്കേറ്റ് ഉപസമിതി തെളിവെടുത്തു. ഇന്നലെ പിവിസിയില്‍നിന്നും പരാതിക്കാരനായ കേരള സിന്‍ഡിക്കേറ്റംഗം ജ്യോതികുമാര്‍ ചാമക്കാലയില്‍നിന്നുമാണ് തെളിവെടുത്തത്. ഭരണ കാര്യാലയത്തിലെ സിന്‍ഡിക്കേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു മൂന്നു മണിക്കൂറോളം തെളിവെടുപ്പ്. പ്രബന്ധം മോഷ്ടിച്ചിട്ടില്ലെന്ന് വീരമണികണ്ഠനും മോഷണം നടന്നിട്ടുണ്ടെന്ന് ജ്യോതികുമാറും ഉപസമിതി മുമ്പാകെ എഴുതിനല്‍കി.
ഡല്‍ഹി സര്‍വകലാശാല സൈക്കോളജി തലവന്‍ എന്‍ കെ ചദ്ദ, അലീഗര്‍ സര്‍വകലാശാലയിലെ പ്രഫ. അക്ബര്‍ ഹുസൈന്‍, ഗുരുനാനാക്ക് വാഴ്‌സിറ്റിയിലെ സൈക്കോളജി തലവന്‍ ഡോ. തുങ്ക് എന്നിവര്‍ വീരമണികണ്ഠന്റെ പ്രബന്ധത്തില്‍ കോപ്പിയടി നടന്നതായി കാലിക്കറ്റ് വാഴ്‌സിറ്റിക്കു റിപോര്‍ട്ട് നല്‍കിയിരുന്നു. ആസ്തമ യോഗ, മെഡിറ്റേഷന്‍ എന്നിവയിലൂടെ ഭേദമാക്കാമെന്നാണ് വീരമണികണ്ഠന്റെ ഗവേഷണ വിഷയം. സംസ്ഥാനത്തിന് പുറത്തുള്ള പ്രധാന മൂന്ന് സര്‍വകലാശാലകളിലെ വിഷയവിദഗ്ധര്‍ പ്രബന്ധമോഷണം നടന്നിട്ടുണ്ടെന്ന് സര്‍വകലാശാലയ്ക്ക് റിപോര്‍ട്ട് നല്‍കിയിട്ടും കേരള പിവിസിയെ രക്ഷപ്പെടുത്തുന്നതിനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രബന്ധമോഷണം നടന്നിട്ടുണ്ടെന്ന് സിന്‍ഡിക്കേറ്റിന് ബോധ്യമായിട്ടും നടപടിക്ക് ശുപാര്‍ശ ചെയ്യാത്തതിനു കാരണം കാലിക്കറ്റ് വാഴ്‌സിറ്റി സൈക്കോളജി പഠന വിഭാഗത്തിലെ മറ്റു പിഎച്ച്ഡികളും പുനപ്പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരുമെന്നതിനാലാണ്. കൂടാതെ, കേരള സര്‍വകലാശാലയില്‍നിന്ന് പിവിസി സ്ഥാനം വീരമണികണ്ഠന്‍ രാജി വയ്‌ക്കേണ്ടിയും വരും. നടപടിക്ക് സിന്‍ഡിക്കേറ്റ് തയ്യാറായില്ലെങ്കില്‍ കോടതി നടപടികളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
Next Story

RELATED STORIES

Share it