Thejas Special

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ബില്ല് നിയമസഭ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടുകൊണ്ടുള്ള 2015ലെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (സര്‍വകലാശാലകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ബില്ല് നിയമസഭ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു.
ബാര്‍കോഴ വിഷയത്തില്‍ മന്ത്രി കെ ബാബുവിനെതിരേ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാല്‍ ബില്ലിന്‍മേലുള്ള ചര്‍ച്ച ഒഴിവാക്കി. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബാണ് ബില്ല് അവതരിപ്പിച്ചത്. നിലവില്‍ സര്‍വകലാശാലകളിലെ നിയമനങ്ങള്‍ സ്റ്റാറ്റിയൂട്ടുകളിലെ വ്യവസ്ഥകള്‍ അനുസരിച്ച് സര്‍വകലാശാലകളാണ് നടത്തിവരുന്നത്.
അധ്യാപകനിയമനം യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചും അനധ്യാപകനിയമനങ്ങള്‍ സര്‍വകലാശാലകള്‍ സ്വന്തമായി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചുമാണ് നടത്തുന്നത്. അനധ്യാപക നിയമനത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തില്‍ 2010 ഡിസംബര്‍ 18നാണ് നിയമനപ്രക്രിയ പിഎസ്‌സിക്ക് വിട്ടത്. 2011 ഫെബ്രുവരിയില്‍ ഇത് സംബന്ധിച്ച ഉത്തരവുമിറങ്ങി.
മുന്‍ സര്‍ക്കാറിന്റെ കാലത്ത് കേരള അസിസ്റ്റന്റ് തസ്തികയിലേക്ക് സിപിഎമ്മുകാരെ തിരുകിക്കയറ്റിയത് പുറത്തായതോടെ സംഭവം വിവാദമായി.  13ാം കേരള നിയമസഭയില്‍ ഇത് സംബന്ധിച്ച ബില്ല് കൊണ്ടുവന്നെങ്കിലും അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. പുതിയ ബില്ല് പ്രകാരം പിഎസ്‌സി പരീക്ഷ നടത്തി തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍നിന്ന് മാത്രമേ അനധ്യാപക ജീവനക്കാരുടെ നിയമനം നടത്താവൂ. നിയമനപ്രക്രിയയുമായി ബന്ധപ്പെട്ട ചെലവുകള്‍ സര്‍വകലാശാല വഹിക്കേണ്ടതാണെന്നും ബില്ല് അനുശാസിക്കുന്നു.
വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് വേതനം ചെക്കോ ബാങ്ക് അക്കൗണ്ട് മുഖേനയോ നല്‍കുന്ന കാര്യം വ്യവസ്ഥ ചെയ്യുന്ന 2015ലെ കേരള കൂലികൊടുക്കല്‍ ബില്ലും സഭ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ ബഹളത്തിനിടെ തൊഴില്‍മന്ത്രി ഷിബു ബേബി ജോണാണ് ബില്ല് അവതരിപ്പിച്ചത്. ഈ ബില്ലിന്റെ ചര്‍ച്ചയും ഒഴിവാക്കി.
തൊഴിലാളികളുടെ അധികാരപ്പെടുത്തലില്ലാതെ തന്നെ വേതനം ബാങ്ക് അക്കൗണ്ടിലേക്കോ ചെക്ക് മുഖേനയോ നല്‍കണം. 2014ല്‍ ഇത് സംബന്ധിച്ച ബില്ലിന് രൂപം നല്‍കിയിരുന്നെങ്കിലും സഭയില്‍ അവതരിപ്പിക്കാനായില്ല.
Next Story

RELATED STORIES

Share it