kozhikode local

കേരള നിയമസഭ രാജ്യത്തിന് മാതൃക: സ്പീക്കര്‍

കോഴിക്കോട്: ഭരണഘടനയുടെ അന്തസ്സത്ത ചോരാത്ത ജനകീയ നിയമനിര്‍മാണങ്ങളിലൂടെ  ഇന്ത്യയെ വിസ്മയിപ്പിച്ച നിയമനിര്‍മാണ സഭയാണ് കേരളത്തിന്റെതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ടാഗോര്‍ സെന്റിനറി ഹാളില്‍ നിയമസഭാ വജ്ര ജൂബിലി ജില്ലാതല ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമനിര്‍മാണ പ്രക്രിയയില്‍ ജനങ്ങളുടെ അഭിപ്രായം തേടി പൊതുസമൂഹത്തിന് നിയമഭേദഗതിക്ക് അവസരം നല്‍കുക വഴി ചരിത്രം സൃഷ്ടിക്കാനും കേരള നിയമസഭയ്ക്ക് കഴിഞ്ഞു.
ചരിത്രത്തിന്റെ ഭാഗമായ പഴയകാല സംഭവങ്ങളെ ഓര്‍ക്കുന്ന വെറുമൊരു ദിനാചരണത്തിനപ്പുറം നിയമസഭയുടെ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും പൊതുസംവാദത്തിനുളള വേദിയായാണ്  വജ്ര ജൂബിലി  ആഘോഷിക്കുന്നത്. രാജ്യത്ത് ജനാധിപത്യത്തിന് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യശോഷണം വലിയ ഭീഷണിയാണ്. ബഹുസ്വരത നിലനിര്‍ത്തി രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് പകരം കൂടുതല്‍ അരാജകത്വത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ദലിത് പീഡന വിരുദ്ധ നിയമം ദുര്‍ബലമാക്കപ്പെട്ടു. ജനങ്ങളുടെ വികാരം പ്രതിഫലിപ്പിച്ച് ധാര്‍മിക മൂല്യങ്ങള്‍ നിലനിര്‍ത്തേണ്ട ജുഡീഷ്യറി പോലുള്ള ജനാധിപത്യത്തിന്റെ  ശക്തി സ്രോതസ്സുകള്‍ പോലും  സുതാര്യവുമല്ലാതായെന്നും സ്പീക്കര്‍ പറഞ്ഞു.  ചടങ്ങില്‍ മുന്‍ നിയമസഭാ സാമാജികരെയും സ്വാതന്ത്ര്യസമരസേനാനികളേയും ആദരിച്ചു.
ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന്  നടന്ന സി എച്ച് മുഹമ്മദ് കോയ അനുസ്മരണത്തില്‍ സാഹിത്യകാരന്‍ എ എം ബഷീര്‍ പ്രഭാഷണം നടത്തി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എംഎല്‍എമാരായ എ പ്രദീപ് കുമാര്‍, ഡോ എം കെ മുനീര്‍, കാരാട്ട് റസാഖ്, സി കെ നാണു, ഇ കെ വിജയന്‍, കെ ദാസന്‍, ജോര്‍ജ് എം തോമസ്, വി കെ സി മമ്മദ് കോയ, പുരുഷന്‍ കടലുണ്ടി  സംസാരിച്ചു.  ജില്ലാ കലക്ടര്‍ യു വി ജോസ്്,  നിയമസഭ സെക്രട്ടറി വി കെ ബാബുപ്രകാശ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it