കേരള ജാഥയുമായി ലീഗ്; ഭൂരിപക്ഷ വര്‍ഗീയത ഏത് കോണില്‍ നിന്നായാലും എതിര്‍ക്കും: മുസ്‌ലിംലീഗ്

മലപ്പുറം: പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ത്തുന്ന ഭീഷണി ജനങ്ങളിലെത്തിക്കുന്നതിന് മുസ്‌ലിംലീഗ് രാഷ്ട്രീയ വിശദീകരണ ജാഥ നടത്തുന്നു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറത്തു ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം ന്യൂനപക്ഷ വര്‍ഗീയത തലപൊക്കിയപ്പോള്‍ എതിര്‍ത്ത മുസ്‌ലിംലീഗ് ഭൂരിപക്ഷ വര്‍ഗീയതയെയും അതേ നാണയത്തില്‍ തന്നെ എതിര്‍ക്കുമെന്നും യോഗം പ്രഖ്യാപിച്ചു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന ജാഥ മുസ്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ലീഡര്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നയിക്കും. ജാഥയുടെ തിയ്യതിയടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ചു തീരുമാനമെടുക്കുന്നതിന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ നേതൃത്വത്തിലുള്ള സബ്കമ്മിറ്റി രൂപീകരിച്ചു. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും ആസന്നമായ അസംബ്ലി തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ചചെയ്തു. മുസ്‌ലിംലീഗ് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും രാഷ്ട്രീയത്തിന് പ്രസക്തി വര്‍ധിച്ച സാഹചര്യത്തില്‍ ജാഥ ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, കെ പി എ മജീദ് എന്നിവര്‍ പറഞ്ഞു. യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഇവര്‍.
ഭൂരിപക്ഷ വര്‍ഗീയതയുടെ ചൂട്ടുപിടിച്ച് കേരളത്തില്‍ ജാഥ നടത്തുന്നവര്‍ ചരിത്രം ഓര്‍ക്കുന്നു നല്ലതാണ്. ജാതിയുടെയോ മതത്തിന്റെയോ മറ്റേതിന്റെയെങ്കിലും പേരിലോ ഉയര്‍ന്നുവന്നിട്ടുള്ള വിഘടനവാദ ശ്രമങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിയ ചരിത്രമാണ് കേരളത്തിനുള്ളത്.
കെ എം മാണി മന്ത്രിസ്ഥാനം രാജിവച്ചത് അദ്ദേഹം ധാര്‍മികമായി എടുത്ത തീരുമാനമാണ്. ഒരു കാര്യം എല്ലാവരും ആവര്‍ത്തിച്ചാല്‍ അതു സത്യമാവണമെന്നില്ല. നീതിപീഠത്തില്‍ നിന്നുള്ള ഒരു പരാമര്‍ശത്തിന്റെ പേരില്‍ ധാര്‍മികമായെടുത്ത തീരുമാനത്തെ കുറ്റസമ്മതമായി ആരും ചിത്രീകരിക്കേണ്ടതില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷികളുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ എല്ലാം പരിഹരിച്ചുവരുകയാണെന്നും ഇതൊന്നും യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ അക്കാര്യം എല്ലാവര്‍ക്കും ബോധ്യപ്പെടുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it