കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ബാബു അച്ചാരത്ത് അന്തരിച്ചു

കണ്ണൂര്‍: കേരളത്തിന്റെ മണ്ണിലെ ആദ്യ രഞ്ജി വിജയം സമ്മാനിച്ച കേരള ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ബാബു അച്ചാരത്ത് (82) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു കണ്ണൂര്‍ പുഴാതി ഹൗസിങ് കോളനിയിലെ വസതിയായ സെഞ്ച്വറിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്നു ഉച്ചയ്ക്കു 12.30നു സിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
തലശ്ശേരി അച്ചാരത്ത് തറവാട്ടില്‍ പോക്കു കേയിയുടെയും ബിച്ചുമ്മയുടെയും മകനായ ബാബു, മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ സഹോദരീ ഭര്‍ത്താവാണ്. 1963ല്‍ രഞ്ജി ട്രോഫി നേടിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു. 1953ല്‍ തിരുകൊച്ചി ടീമിന് വേണ്ടിയായിരുന്നു അരങ്ങേറ്റം. സംസ്ഥാന രൂപീകരണത്തിനു ശേഷം കേരള ടീമില്‍ അംഗമായി. ഓള്‍റൗണ്ടറായിരുന്ന ബാബു അച്ചാരത്ത് 1963-65 കാലഘട്ടത്തിലാണു കേരളത്തെ നയിച്ചത്. കളിയുടെ മൂന്നു മേഖലകളിലും മികവു തെളിയിച്ചു. റൈറ്റ് ആം മീഡിയം പേസറായിരുന്ന അച്ചാരത്ത് 10 സീസണുകളില്‍ കേരളത്തെ പ്രതിനിധീകരിച്ചു. 14 മല്‍സരങ്ങളില്‍ നിന്നായി 202 റണ്‍സും ആറു വിക്കറ്റും നേടി. 1956-57ല്‍ ആന്ധ്രയ്‌ക്കെതിരേയായിരുന്നു രഞ്ജിയില്‍ അരങ്ങേറ്റം. ആറു തവണ കേരളത്തെ നയിച്ചു. 1972ല്‍ കാലിക്കറ്റ് സര്‍വലാശാലയുടെ ക്രിക്കറ്റ് ടീം പരിശീലകനായി. 22 വര്‍ഷം ആ സ്ഥാനത്തു പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ സര്‍വകലാശാലാ ടീം സെലക്ടര്‍, മുഖ്യ പരിശീലകന്‍, കേരള ജൂനിയര്‍ ടീമിന്റെയും സീനിയര്‍ ടീമിന്റെയും സെലക്ടര്‍, അഞ്ചുതവണ കേരള ടീം മാനേജര്‍, വിസി ട്രോഫിക്കുള്ള ദക്ഷിണ മേഖലാ ടീം മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ നെറ്റ്‌സ് ആന്റ് കോച്ചിങ് സെന്റര്‍ ചെയര്‍മാനായിരുന്നു. ഭാര്യ: മക്കാടത്ത് ഇ റംലാ ബീവി. മക്കള്‍: റഷീദ ബാനു (ഖത്തര്‍), മുഷ്താഖ് അലി (കുവൈത്ത്), പരേതയായ സൈറാബാനു. മരുമക്കള്‍: അശ്‌റഫ് ബാബു (എല്‍ഐസി ഡവലപ്‌മെന്റ് ഓഫിസര്‍, കണ്ണൂര്‍), മൊയ്തീന്‍ പടിയത്ത് (ഖത്തര്‍), ഷബ്‌നം മുഷ്താഖ്. സഹോദരങ്ങള്‍: മറിയം, ജാഫര്‍, അബ്ദുല്‍ ഖാദര്‍, ഉമര്‍, പരേതരായ മൊയ്തു, ഉമ്മി.
ബാബു അച്ചാരത്തിന്റെ വിയോഗത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അനുശോചിച്ചു.
Next Story

RELATED STORIES

Share it