Districts

കേരള കോണ്‍ഗ്രസ് (എം) നേതൃത്വം പ്രതിസന്ധിയില്‍

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധി കേരളാ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പു സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വിജിലന്‍സ് കോടതി ഉത്തരവ് ചൂടേറിയ പ്രചാരണ വിഷയമാക്കുമ്പോള്‍ അതിനെ എങ്ങിനെ പ്രതിരോധിക്കുമെന്നറിയാതെ കുഴങ്ങുകയാണ് കേരളാ കോണ്‍ഗ്രസും യുഡിഎഫും.
ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണത്തിന് ഒരുദിവസം മാത്രം ശേഷിക്കേ പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലപാടുകള്‍ പൊതുയോഗങ്ങളിലൂടെ ജനങ്ങളിലെത്തിക്കാന്‍ കേരളാ കോണ്‍ഗ്രസിന് ഏറെ വിയര്‍ക്കേണ്ടി വരും. ബാര്‍ കോഴ വിവാദം കെ എം മാണിക്കെതിരെ ചില കേന്ദ്രങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന കേരള കോണ്‍ഗ്രസിന്റെ നിലപാടിനേറ്റ തിരിച്ചടിയാണ് കോടതി വിധി. മാണിക്കെതിരേ തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ബാര്‍ കോഴക്കേസ് തള്ളണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി നിരാകരിച്ചത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. കോടതി വിധി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്ന നിരീക്ഷണവുമായി കോണ്‍ഗ്രസിലെ ഒരുവിഭാഗവും ചില ഘടകകക്ഷികളും യുഡിഎഫ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാണിയെ മന്ത്രിസ്ഥാനത്ത് നിന്നും രാജിവെപ്പിക്കാന്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടാവുമെന്ന കണക്കുകൂട്ടലും കേരള കോണ്‍ഗ്രസിനുണ്ട്.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവച്ചാല്‍ അത് പാര്‍ട്ടിയെ കൂടുതല്‍ അപകടത്തിലാക്കുമെന്ന വിലയിരുത്തലാണ് നേതൃത്വത്തിന്റേത്. ബാര്‍ കോഴ കേസില്‍ നിരപരാധിത്വം തെളിയിക്കും വരെ മാണി മന്ത്രിസ്ഥാനത്ത് നിന്നും മാറി നില്‍ക്കട്ടെയെന്ന അഭിപ്രായമുള്ളവര്‍ കേരള കോണ്‍ഗ്രസ്സിലുണ്ടെങ്കിലും നേതൃത്വത്തെ പിണക്കി പരസ്യമായി നിലപാട് സ്വീകരിക്കാന്‍ ആരും തയ്യാറാവില്ലെന്നാണ് സൂചന. കോടതി വിധിയെ പ്രതിരോധിക്കാന്‍ നേതാക്കള്‍ കാട്ടുന്ന വിമുഖത ഇതിന് തെളിവാണെന്ന വിലയിരുത്തലുമുണ്ട്.
Next Story

RELATED STORIES

Share it