കേരള എക്‌സ്പ്രസിന്റെ കോച്ചിനടിയില്‍ വിള്ളല്‍; ഒഴിവായത് വന്‍ അപകടം

കൊച്ചി: ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസിന്റെ (12626) എസ് നാല് കോച്ചിനടിയില്‍ വിള്ളല്‍ കണ്ടെത്തി. കോച്ചിനെ താങ്ങിനിര്‍ത്തിയിരുന്ന ഇരുമ്പ് ഫ്രെയിമിലാണ് പൊട്ടല്‍ കണ്ടെത്തിയത്. റെയില്‍വേ ഡിപാര്‍ട്ട്‌മെന്റിന്റെ മെക്കാനിക്കല്‍ ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തമൊഴിവാക്കിയത്.
ഇന്നലെ രാവിലെ 10ന് ട്രെയിന്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തകരാറ് ശ്രദ്ധയില്‍പ്പെട്ടത്. സ്റ്റേഷനിലെത്തി യാത്ര തുടരാനുള്ള ഒരുക്കത്തിനിടെ നടത്തിയ പരിശോധനയിലാണ് ഫ്രെയിമിലെ ഗുരുതര തകരാര്‍ ജീവനക്കാര്‍ കണ്ടുപിടിച്ചത്. പതിവു പരിശോധനയ്ക്കിടയില്‍ സംശയം തോന്നിയ ജീവനക്കാര്‍ നടത്തിയ വിശദ പരിശോധനയിലാണു ബോഗി ഫ്രെയിമിന്റെ വശത്തായി പൊട്ടല്‍ കണ്ടത്. ഉടനെ തന്നെ യാത്രക്കാരെ ഒഴിപ്പിച്ചശേഷം കോച്ച് വേര്‍പെടുത്തി. ഒന്നര മണിക്കൂര്‍ വൈകിയാണു പിന്നീട് ട്രെയിന്‍ യാത്രതുടര്‍ന്നത്. സാധാരണ എല്ലാ പ്രധാന സ്റ്റേഷനുകളിലും തീവണ്ടി പരിശോധന നടത്താറുള്ളതാണ്. ഈ പരിശോധനയ്ക്കിടയിലാണ് വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് പരിശോധനകള്‍ക്ക് ശേഷം മറ്റൊരു കോച്ച് ഘടിപ്പിച്ച് 11.27ന് തീവണ്ടി പുറപ്പെട്ടുവെന്ന് ഏരിയ മനേജര്‍ അറിയിച്ചു. പാലക്കാട് സ്റ്റേഷനിലാണ് അവസാനം പരിശോധന നടത്തിയത്. അതിനു ശേഷമാവാം വിള്ളലുണ്ടായത്. തകരാറുണ്ടാവാനിടയായ സാഹചര്യത്തെപ്പറ്റി അന്വേഷണം നടത്തുമെന്ന് ഏരിയാ മാനേജര്‍ അറിയിച്ചു.
റെയില്‍വേ ഏറ്റവും പഴയ കോച്ചുകളാണു സര്‍വീസിനായി കേരളത്തിന് നല്‍കുന്നതെന്ന പരാതി വ്യാപകമായി നിലനില്‍ക്കുന്ന സമയത്താണ് പുതിയ സംഭവം.
അപകടത്തില്‍ പെട്ട കോച്ച് 2002ല്‍ നിര്‍മിച്ചതാണെന്നാണു വിവരം. എന്നാല്‍ ബോഗി ഫ്രെയിം ഇടയ്ക്കിടെ മാറ്റാറുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. മറ്റ് റെയില്‍വേ സോണുകളിലെല്ലാം സ്റ്റീല്‍ കൊണ്ടുള്ള പുതിയ കോച്ചുകളാണ് ട്രെയിനുകള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍ കേരളത്തിലെ ട്രെയിനുകള്‍ക്കു പുതിയ കോച്ചുകള്‍ നല്‍കാന്‍ ഇതുവരെയും റെയില്‍വേ തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it