കേരള ആരോഗ്യമേഖലയെ വാനോളം പുകഴ്ത്തി മറുനാടന്‍ ഡോക്ടര്‍മാര്‍

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖലയെ വാനോളം പുകഴ്ത്തി മോദിക്കൊപ്പം പരവൂര്‍ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികില്‍സ നല്‍കാന്‍ എത്തിയ ഡോക്ടര്‍മാര്‍. ദല്‍ഹി എയിംസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരടക്കമുള്ളവര്‍ കേരളത്തിലെ ഡോക്ടര്‍മാരുടെ സേവനതല്‍പരത കണ്ട് അമ്പരക്കുകയായിരുന്നു. തങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ എത്രയോ മടങ്ങ് മികച്ച സേവനമാണ് കേരളത്തിലെ ഡോക്ടര്‍മാര്‍ കാഴ്ചവച്ചതെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിലെ ആശുപത്രികളിലേത് മികച്ച സംവിധാനങ്ങളാണ്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം അഭിനന്ദനീയമാണെന്നും എയിംസ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി തലവന്‍ ഡോ. മന്‍സിഹ് സിന്‍ഗാള്‍ പറയുന്നു. വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒത്തുചേര്‍ന്ന് ഒരു ദിവസം മാത്രം 50ഓളം സര്‍ജറികള്‍ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. എയിംസ്, രാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍, സഫ്ദര്‍ജങ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ 20 ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് കൊല്ലം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ എത്തിയത്.
കൊല്ലം ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ ഇത്തരം സാഹചര്യങ്ങള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരാണെന്നു തെളിയിച്ചു. അത്രയേറെ മികച്ച സേവനമാണ് അവര്‍ നടത്തിയതെന്നും എയിംസിലെ അഡീഷനല്‍ പ്രഫസര്‍ ഡോ. സുഷ സാഗര്‍ പറഞ്ഞു.
സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തമ്മിലുള്ള ഒരുമയിലും കേന്ദ്രസംഘം അദ്ഭുതം പ്രകടിപ്പിച്ചു. സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികില്‍സ ഏര്‍പ്പെടുത്തിയത് അപൂര്‍വ സംഭവമാണ്.
കേരളത്തിലെ ആരോഗ്യമേഖല എത്രത്തോളം ശക്തമാണെന്ന് തങ്ങള്‍ക്കു വ്യക്തമായതായും ഡോ. സാഗര്‍ പറയുന്നു. ദുരന്തത്തില്‍ പലര്‍ക്കും പൊള്ളല്‍ മാത്രമല്ല ഗുരുതതരമായ പരിക്കുകളും ഏറ്റിട്ടുണ്ട്. അതുകൊണ്ടു തന്നെ മിക്ക രോഗികള്‍ക്കും ദീര്‍ഘനാളത്തെ ചികില്‍സ ആവശ്യമായിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മോദിക്കൊപ്പം കേരളത്തിലേക്കു പോവേണ്ടതിനെക്കുറിച്ച് ദുരന്തമുണ്ടായ ദിവസം രാവിലെ 9 മണിക്കാണ് ഡോക്ടര്‍മാര്‍ക്ക് വിവരം ലഭിച്ചത്. കൃത്യം 10 മണിക്ക് വിമാനത്താവളത്തില്‍ എത്താനായിരുന്നു ഇവര്‍ക്കു ലഭിച്ച നിര്‍ദേശം.
Next Story

RELATED STORIES

Share it