kozhikode local

കേരളേത്താടുള്ള റെയില്‍വേ അവഗണന അവസാനിപ്പിക്കണമെന്ന് എംപി

കോഴിക്കോട്:  കേരളത്തോടുള്ള റെയില്‍വേ അവഗണന അവസാനിപ്പിക്കണമെന്ന് എം കെ രാഘവന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കേരളത്തിനായി പുതുതായി ഒരു പദ്ധതിയും അനുവദിക്കപ്പെട്ടിട്ടില്ല. പാലക്കാട് റെയില്‍ കോച്ച് അടക്കമുള്ള നേരത്തെ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുടെ പ്രവര്‍ത്തനം എങ്ങുമെത്തിയിട്ടില്ലെന്നും സംസ്ഥാനത്തോടുള്ള റെയില്‍വേയുടെ അവഗണനയ്ക്ക് ഇവ ഉദാഹരമാണെന്നും അദ്ദേഹം റൂള്‍ 77 പ്രകാരം ലോക്‌സഭയുടെ ശ്രദ്ധയില്‍പെടുത്തി.
കേരളത്തിനായി പുതിയ ട്രെയിനുകളോ കോച്ചുകളോ അനുവദിച്ചിട്ടില്ല. ശബരി പാത, ഗുരുവായൂര്‍- തിരുന്നാവായ പാത, നഞ്ചന്‍ഗോഡ്- മൈസൂര്‍ പാത തുടങ്ങിയ പദ്ധതികളും കടലാസ്സിലുറങ്ങുകയാണ്.
സതേണ്‍ റെയില്‍വേയുടെ കേരളത്തിലെ ഡിവിഷനുകളായ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലേക്ക് പുതിയ ട്രെയിനുകളോ സര്‍വിസ് ദീര്‍ഘിപ്പിക്കാനോ ഉള്ള നടപടികളില്ല. യാത്രയ്ക്കായി റെയില്‍ ഗതാഗതത്തെ ഏറെ ആശ്രയിക്കുന്ന കേരളത്തോട് സതേണ്‍ റെയില്‍വേയുടെ മനോഭാവമാണ് ഇത് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ പുതിയ റെയില്‍വേ സോണ്‍ പ്രഖ്യാപിക്കണമെന്നും കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കണമെന്നും എം കെ രാഘവന്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പാലക്കാട് വഴി പ്രതിദിന സര്‍വിസ് ആരംഭിക്കണം, കൊങ്കണ്‍ വഴി ജബല്‍പൂര്‍- തിരുവനന്തപുരം, ലാല്‍കുവ- തിരുവനന്തപുരം എന്നീ സര്‍വിസുകള്‍ ആരംഭിക്കണം, കൊങ്കണ്‍ വഴിയുള്ള പൂനെ- എറണാകുളം എക്‌സ്പ്രസ് തിരുവനന്തപുരം വരെ ദീര്‍ഘിപ്പിക്കണം,  കൊച്ചുവേളി- ബിക്കാനീര്‍ എക്‌സ്പ്രസിന്റെ സര്‍വിസ് വര്‍ധിപ്പിക്കണം.
കൊങ്കണ്‍ വഴിയുള്ള കൊച്ചുവേളി- ലോക്മാന്യ തിലക് ദിവസേനയാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവച്ചത്. കേരളത്തിലെ ട്രെയിന്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഈ ആവശ്യങ്ങള്‍ എത്രയും വേഗത്തില്‍ നടപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it