Kerala

കേരളാ സ്‌പോര്‍ട്‌സ് ഭേദഗതി ബില്ല് സബ്ജക്റ്റ് കമ്മിറ്റിക്ക്

തിരുവനന്തപുരം: കായികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന കേരള സ്‌പോര്‍ട്‌സ് ഭേദഗതി ബില്ല് നിയമസഭ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു. 2015 സപ്തംബര്‍ 18ന് ഗവര്‍ണര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് പ്രകാരമുള്ള ബില്ല് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സഭയില്‍ അവതരിപ്പിച്ചത്.
സംസ്ഥാന, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ എല്ലാ മേഖലകളുടെയും പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതാണ് ബില്ലിലെ ഒരു ഭേദഗതി. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനതല തര്‍ക്കപരിഹാര സമിതിയും ബില്ലില്‍ നിര്‍ദേശിക്കുന്നു. കായിക താരങ്ങളുമായും സംഘടനകളുമായും ക്ലബ്ബുകളുമായും ഉണ്ടാവുന്ന തര്‍ക്കപരിഹാരത്തിന് ജില്ലാതലത്തിലും തര്‍ക്കപരിഹാര സമിതിയുണ്ടാക്കും.
കായിക സംഘടനകളുടെ പ്രവര്‍ത്തനം സുതാര്യമാക്കാനും അന്താരാഷ്ട്ര നിലവാരത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കാനും താരങ്ങളുടെയും പരിശീലകരുടെയും സംരക്ഷണത്തിനായി സ്‌പോര്‍ട്‌സ് വികസന നിധിയുണ്ടാക്കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നു.
2016ലെ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന മലയാളിക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ബില്ല് ചര്‍ച്ചയ്ക്ക് മറുപടി പറയവേ കായികമന്ത്രി പ്രഖ്യാപിച്ചു. കായിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കണമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it