കേരളാ പോലിസിന് അഭിമാന നിമിഷം: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ആട് ആന്റണിയെ അറസ്റ്റ് ചെയ്തത് കേരളാ പോലിസിന് അഭിമാനിക്കാവുന്ന നിമിഷമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരള പോലിസിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കുറ്റാന്വേഷണ രീതിയിലാണ് ആട് ആന്റണിയെ കുടുക്കിയത്. ഇയാളെ പിടികൂടാന്‍ നേതൃത്വം നല്‍കിയ എല്ലാ പോലിസുകാരെയും അഭിനന്ദിക്കുന്നതായും ആഭ്യന്തരമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആട് ആന്റണിയെ പോലിസ് നിരീക്ഷിച്ചുവരുകയായിരുന്നു. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ആട് ആന്റണിക്ക് വാങ്ങിനല്‍കാന്‍ എല്ലാ നടപടിയും പോലിസ് സ്വീകരിക്കും.

പ്രമാദമായ കേസുകളില്‍ പിടികിട്ടാനുള്ള കൊടുംകുറ്റവാളികളെ വലയിലാക്കാന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ വിലയിരുത്തല്‍ താന്‍ നേരിട്ടു നടത്തുകയാണ്. പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നല്‍കിയ പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസുകാര്‍ക്ക് പാരിതോഷികം നല്‍കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. ആട് ആന്റണിയുടെ അറസ്റ്റ് കേരളാ പോലിസിന്റെ അഭിമാനകരമായ നേട്ടമെന്ന് ഡി.ജി.പി. ടി പി സെന്‍കുമാറും പ്രതികരിച്ചു. ഏറക്കാലമായി പോലിസ് ഇയാളെ അന്വേഷിക്കുകയായിരുന്നു. നിരാശപ്പെടാതെയുള്ളതായിരുന്നു അന്വേഷണം. പ്രത്യേകിച്ച് ഇയാളൊരു പോലിസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയിരുന്നു. കൊടുംകുറ്റവാളിയാണെന്ന കാര്യത്തില്‍ സംശയമില്ലാത്തതിനാല്‍ അറസ്റ്റ് അനിവാര്യമായിരുന്നു. അതൊരു അഭിമാനപ്രശ്‌നം കൂടിയായി. പല സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് ഫലം കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it