കേരളാ കോണ്‍. വിമതരെ മുന്‍നിര്‍ത്തി മധ്യകേരളം പിടിക്കാന്‍ എല്‍ഡിഎഫ്

കോട്ടയം: ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (എം) വിട്ടുവന്നവരെ കൂടെ നിര്‍ത്തി യുഡിഎഫിന്റെ കോട്ടയായ മധ്യകേരളം പിടിക്കാന്‍ എല്‍ഡിഎഫ്. കേരള കോണ്‍ഗ്രസ് എമ്മിലുണ്ടായിരിക്കുന്ന പിളര്‍പ്പ് മുതലെടുത്ത് ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്.
പിളര്‍പ്പും നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് കത്തോലിക്കാ സഭാ നേതൃത്വവുമായുള്ള ബന്ധത്തിന് വിള്ളലുണ്ടാക്കിയെന്ന സൂചനകള്‍ വിമത നേതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപോര്‍ട്ടുകളില്‍ യുഡിഎഫ് സര്‍ക്കാരിന്റെയും കോണ്‍ഗ്രസ്സിന്റെയും നിലപാടുകള്‍ക്കെതിരെ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയെ കൂട്ടുപിടിച്ച് കരുക്കള്‍ നീക്കാനാണ് എല്‍ഡിഎഫ് ശ്രമം. ഹൈറേഞ്ച് സംരക്ഷണ സമിതിയുമായുള്ള ബന്ധം ഇടതിന് ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ വിജയം സമ്മാനിച്ചിരുന്നു.
ഇടതുമുന്നണിയില്‍ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗവുമായി സഹകരിച്ച് പോവണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ക്ക് സിപിഎം നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഓരോ കാലഘട്ടങ്ങളില്‍ വ്യത്യസ്ത ചേരികളില്‍ നിലകൊള്ളുന്ന സ്‌കറിയ തോമസിനെ നേതാവായി അംഗീകരിക്കാന്‍ കഴിയില്ലെന്ന കാര്യം സിപിഎം നേതൃത്വത്തെ ഇവര്‍ അറിയിക്കുകയും ചെയ്തു. അതേസമയം, ഇടതുമുന്നണിയുമായി കൂട്ടുകെട്ടുണ്ടാക്കിയ പി സി ജോര്‍ജിന് പുതിയ കേരള കോണ്‍ഗ്രസ്സിന്റെ കടന്നുവരവ് വെല്ലുവിളിസൃഷ്ടിക്കും.
Next Story

RELATED STORIES

Share it