കേരളാ കോണ്‍ഗ്രസ് മാണി-ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ ചേരിപ്പോര്

കോട്ടയം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതോടെ കേരള കോണ്‍ഗ്രസ് മാണി-ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോര് രൂക്ഷം. അര്‍ഹമായ സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി ജോസഫ് അനുകൂലികളായ നേതാക്കള്‍ കെ എം മാണിയുമായി ചര്‍ച്ച നടത്തി.
കേരളാ കോണ്‍ഗ്രസ്സിന് ആകെയുള്ള എട്ട് എംഎല്‍എമാരില്‍ ജോസഫ് വിഭാഗത്തിന് മൂന്നും മാണി വിഭാഗത്തിന് അഞ്ചും അംഗങ്ങളാണുള്ളത്. വരുന്ന തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിലെ മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റുകള്‍ നല്‍കുന്നതിനോടൊപ്പം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മുന്‍ ഇടുക്കി എംപിയുമായ ഫ്രാന്‍സിസ് ജോര്‍ജിന് പൂഞ്ഞാര്‍ അടക്കമുള്ള കേരളാ കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രങ്ങളില്‍ സീറ്റ് നല്‍കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.
ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന സൂചനകള്‍ ഔദ്യോഗിക പക്ഷം ജോസഫ് വിഭാഗത്തെ അറിയിച്ചതാണ് പാര്‍ട്ടിയില്‍ ആഭ്യന്തര കലാപത്തിന് കാരണം. പാര്‍ട്ടിയെ ഏതാണ്ട് പൂര്‍ണമായി വരുതിയിലാക്കിയ ജോസ് കെ മാണി എംപിയുടെ നേതൃത്വം അംഗീകരിക്കുന്നവരെ മാത്രം തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചാല്‍ മതിയെന്ന ആലോചന ഔദ്യോഗിക പക്ഷത്തിനുണ്ട്. ജോസഫ് വിഭാഗത്തിലെ പ്രമുഖരായ ഫ്രാന്‍സിസ് ജോര്‍ജ്, കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ് എന്നിവരെ ഒഴിവാക്കിക്കൊണ്ടുള്ള സീറ്റുചര്‍ച്ചകള്‍ അനൗദ്യോഗികമായി മാണി വിഭാഗം ആലോചിക്കുന്നു.
ഈ രാഷ്ട്രീയ അപകടം മണത്തറിഞ്ഞ ജോസഫ് വിഭാഗം എന്തുവിലകൊടുത്തും തങ്ങള്‍ക്ക് അവകാശപ്പെട്ട സീറ്റുകള്‍ വാങ്ങിയെടുക്കുമെന്ന വാശിയിലാണ്. ഇക്കാര്യത്തില്‍ കെ എം മാണി പിടിവാശി കാട്ടിയാല്‍ പിളര്‍പ്പ് അടക്കമുള്ള നിര്‍ണായക തീരുമാനങ്ങളിലേക്ക് പോവുന്നതിന് മടിക്കേണ്ടെന്ന നിര്‍ദേശം ജോസഫ് വിഭാഗം നേതാക്കള്‍ കീഴ്ഘടകങ്ങള്‍ക്കു നല്‍കി.
ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി പരാമര്‍ശനത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായ കെ എം മാണിക്കൊപ്പം പി ജെ ജോസഫ് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധനാവാതിരുന്നതോടെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത പരസ്യമായി മറനീക്കിയിരുന്നു.
മാണി ജോസഫ് വിഭാഗങ്ങള്‍ക്ക് നിരന്തരം തലവേദനയായിരുന്ന പി സി ജോര്‍ജ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നു പുറത്തുപോയതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത പരസ്യമായത്. എന്നാല്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ച് വിമതവേഷത്തില്‍ ആരും ഇതുവരെ രംഗത്ത് എത്തിയിരുന്നില്ല. റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് ജോസ് കെ മാണി എംപി കോട്ടയത്ത് നടത്തിയ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം വെറും പ്രഹസനമായിരുന്നുവെന്ന അഭിപ്രായമാണ് ജോസഫ് വിഭാഗത്തിനുള്ളത്. കേരളാ കോണ്‍ഗ്രസ് എമ്മിനെ സ്വാഗതം ചെയ്ത ബിജെപിയെ തള്ളിപ്പറയാന്‍ മടിക്കുന്ന മാണിയുടെ അവസരവാദ രാഷ്ട്രീയ നിലപാടുകളും ജോസഫ് വിഭാഗത്തെ കടുത്ത തീരുമാനങ്ങളിലേക്ക് പോവാന്‍ പ്രേരിപ്പിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നു.
Next Story

RELATED STORIES

Share it