കേരളാ കോണ്‍ഗ്രസ് ബി-എന്‍സിപി ലയനത്തിന് സാധ്യതയേറി

കൊച്ചി: കേരളാ കോണ്‍ഗ്രസ് ബിയുമായി ലയനമുണ്ടാവുമെന്ന സൂചനകള്‍ നല്‍കി എന്‍സിപി സംസ്ഥാന നേതൃത്വം. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ദേശീയ നേതൃത്വം അനുമതി നല്‍കിയെന്നും അടുത്തയാഴ്ചയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എന്‍സിപിയില്‍ ലയിക്കാന്‍ താല്‍പര്യമുണ്ടെന്നു സൂചിപ്പിച്ച് കേരളാ കോണ്‍ഗ്രസ് ബി വിഭാഗമാണ് സമീപിച്ചത്. ഇക്കാര്യം സംസ്ഥാന നേതൃത്വം ഔദ്യോഗികമായി ചര്‍ച്ച ചെയ്തിട്ടില്ല. എങ്കിലും കേരളാ കോണ്‍ഗ്രസ് ബിയുടെ നിലപാട് കേന്ദ്രനേതൃത്വത്തിനെ അറിയിച്ചു. ചര്‍ച്ചകള്‍ക്ക് കേന്ദ്രത്തില്‍ നിന്നു പച്ചക്കൊടി കാട്ടിയതോടെ വരും ദിവസങ്ങളില്‍ കേരളാ കോണ്‍ഗ്രസ് ബി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നും ലയനം സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാവുമെന്നും തോമസ് ചാണ്ടി പറഞ്ഞു. കൊച്ചിയില്‍ ചേരുന്ന എന്‍സിപി സംസ്ഥാന ജനറല്‍ ബോഡി യോഗം ലയനം സംബന്ധിച്ചു ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ മന്ത്രിസ്ഥാനത്ത് നിന്നു രാജിവച്ചത് അന്ന് ആലപ്പുഴ കലക്ടറായിരുന്ന അനുപമയുടെ റിപോര്‍ട്ട് കണ്ട വിഷമത്തിലാണ്. മന്ത്രിസ്ഥാനം അത്ര സുഖമുള്ള ജോലിയല്ലെന്നും ഇനി മന്ത്രിയാവാനില്ലെന്നും തോമസ്ചാണ്ടി കൂട്ടിച്ചേര്‍ത്തു. കേരളാ കോണ്‍ഗ്രസ് ബിയുമായി ലയനം സാധ്യമാവുകയാണെങ്കില്‍ മന്ത്രിസ്ഥാനം പങ്കിടുന്നതില്‍ ആശയക്കുഴപ്പമുണ്ടാവുമോയെന്ന ചോദ്യത്തിന് നിലവില്‍ അക്കാര്യം ചര്‍ച്ചചെയ്യേണ്ട കാര്യമില്ലെന്നു ദേശീയ ജനറല്‍ സെക്രട്ടറി ടി പി പീതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചു. കേരള കോണ്‍ഗ്രസ്സിന് നിലവില്‍ ഒരു എംഎല്‍എ സ്ഥാനമുണ്ട്. എന്നാല്‍, അതുകൊണ്ട് മാത്രം മന്ത്രിസ്ഥാനം നല്‍കുമെന്നു പറയാനാവില്ല.
ലയനം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായതിനാല്‍ മന്ത്രിസ്ഥാനമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പിന്നീട് ചര്‍ച്ചചെയ്യാമെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. എന്‍സിപിയിലേക്ക് ഏത് രാഷ്ട്രീയപ്പാര്‍ട്ടിക്കും കടന്നുവരാം. അത്തരം നീക്കങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ഉപയോഗിക്കുകയാണ് നിലവിലെ ലക്ഷ്യമെന്നും എന്നാല്‍, ഇക്കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനം പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റേതാണെന്നും പീതാംബരന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് എന്‍സിപിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു.

Next Story

RELATED STORIES

Share it