Flash News

കേരളാ കോണ്‍ഗ്രസ് ബാന്ധവം : സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് ബിനോയ് വിശ്വം



കോഴിക്കോട്: കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് സിപിഎം പിന്തുണ കൊടുത്തതിനെതിരേ ഫേസ്ബുക്കിലൂടെ ആഞ്ഞടിച്ച് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം. ഇടതുപക്ഷ നിലപാടിനെതിരായ സമീപനം സ്വീകരിച്ചവര്‍ സ്വന്തം കൊടിയിലേക്ക് നോക്കണമായിരുന്നെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വ്യത്യാസം രണ്ടക്ഷരങ്ങളുടേതു മാത്രമാണെന്നുണ്ടെങ്കില്‍ പാവപ്പെട്ടവരും നീതിബോധമുള്ളവരും എന്തിന് ഇടതുപക്ഷത്തോട് കൂറ് കാണിക്കണം. ആ വേര്‍തിരിവിന്റെ വര നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുകയാണോ. തുടങ്ങിയ ചോദ്യശരങ്ങള്‍ സിപിഎമ്മിനെതിരേ ബിനോയ് വിശ്വം പോസ്റ്റിലൂടെ തൊടുക്കുന്നു. കോട്ടയത്തുണ്ടായ അവിശുദ്ധ ബന്ധം എന്തായാലും ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനല്ല. വലതുപക്ഷത്തെ കുരുട്ടുബുദ്ധിക്കാര്‍ക്ക് ചുവപ്പു പരവതാനി വിരിക്കുമ്പോള്‍, അതു ചെയ്തവര്‍ നമ്മുടെ കൊടിയിലേക്ക് ഒന്നു നോക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നുവെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ്സിലെ സണ്ണി പാമ്പാടിയെ തോല്‍പിച്ച് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സക്കറിയാസ് കുതിരവേലിയാണ് വിജയം കൈവരിച്ചത്. എട്ടിനെതിരേ 12 വോട്ടുകള്‍ നേടിയായിരുന്നു സക്കറിയാസിന്റെ വിജം. വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന അട്ടിമറി നീക്കത്തിലൂടെ സിപിഎം പിന്തുണ ഉറപ്പിച്ച കേരളാ കോണ്‍ഗ്രസ് ഭരണം നേടിയെടുക്കുകയായിരുന്നു. സിപിഐ തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നപ്പോള്‍ പി സി ജോര്‍ജിന്റെ ജനപക്ഷം പ്രതിനിധി വോട്ട് അസാധുവാക്കി. കോണ്‍ഗ്രസ്സിനോടും ബിജെപിയോടും ഒരേ സമയം വിലപേശുകയായിരുന്ന കെ എം മാണിയുടെ പാര്‍ട്ടി എങ്ങനെയാണ് ഇടതുപക്ഷത്തിന്റെ ബന്ധുവാകുന്നത്. ബാര്‍ കോഴ, ബജറ്റ് വില്‍പ്പന തുടങ്ങി മാണിക്കെതിരേ നാം പറഞ്ഞതെല്ലാം നുണയായിരുന്നുവെന്നാണോ ഇപ്പോള്‍ ജനങ്ങള്‍ വിശ്വസിക്കേണ്ടത് എന്ന ചോദ്യവും ബിനോയ് വിശ്വം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
Next Story

RELATED STORIES

Share it