കേരളാ കോണ്‍ഗ്രസ് പിന്തുണ തേടി യുഡിഎഫ് സ്ഥാനാര്‍ഥിയും

കോട്ടയം: എല്‍ഡിഎഫിനും ബിജെപിക്കും പിന്നാലെ ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണതേടി യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിയെ സന്ദര്‍ശിച്ചു.
പാലായിലെ വസതിയിലെത്തിയാണ് വിജയകുമാര്‍ മാണിയുമായി കൂടിക്കാഴ്ച നടത്തിയത്. സന്ദര്‍ശനം സ്വാഭാവികമാണെന്നും പിന്തുണ സംബന്ധിച്ച് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മാണി പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികള്‍ പിന്തുണ തേടുന്നത് സ്വാഭാവികമാണ്. യുഡിഎഫ് സ്ഥാനാര്‍ഥി പിന്തുണ തേടിയെത്തിയതില്‍ സന്തോഷമുണ്ട്. ഏത് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനം സ്വീകരിക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയകുമാറിന് എല്ലാ വിജയാശംസകളും നേര്‍ന്നാണ് മാണി യാത്രയാക്കിയത്. അതേസമയം, മാണിയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി കൂടിക്കാഴ്ചയ്ക്കുശേഷം വിജയകുമാര്‍ പ്രതികരിച്ചു. പിന്തുണ നല്‍കുന്ന കാര്യത്തില്‍ അനുഭാവപൂര്‍വമായ സമീപനമാണ് കെ എം മാണി സ്വീകരിച്ചത്.
പാര്‍ട്ടിയുമായി കൂടിയാലോചിച്ചശേഷം തീരുമാനമെടുക്കുമെന്നാണ് മാണി അറിയിച്ചത്.  ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്സി(എം) ന്റെ പിന്തുണ മൂന്ന്് മുന്നണികള്‍ക്കും നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ കേരളാ കോണ്‍ഗ്രസ്സിനെ തങ്ങളുടെ ഒപ്പം നിര്‍ത്താനുള്ള തന്ത്രങ്ങളാണ് മുന്നണികള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it