കേരളാ കോണ്‍ഗ്രസ്-ജെ ആയി തിരിച്ചെടുക്കണമെന്ന് ആവശ്യം; വിമതര്‍ സിപിഎമ്മുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് വിട്ട വിമതനേതാക്കള്‍ സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തി. ഫ്രാന്‍സിസ് ജോര്‍ജ്, ഡോ. കെ സി ജോസഫ്, ആന്റണി രാജു എന്നിവരാണ് എകെജി സെന്ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി ബി അംഗം പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. എല്‍ഡിഎഫിലേക്ക് പഴയ കേരളാ കോണ്‍ഗ്രസ്-ജെ ആയി തിരിച്ചെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് യോഗം അന്തിമ തീരുമാനമെടുക്കും.
എല്‍ഡിഎഫ് ഘടകകക്ഷിയാക്കണമെന്ന ആവശ്യമാണ് നേതാക്കള്‍ ഉന്നയിച്ചത്. തങ്ങള്‍ പുതിയ കക്ഷിയല്ലെന്നും മുന്നണിയിലെ പഴയ കക്ഷിയാണെന്നുമാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ നിലപാട്. ഇപ്പോള്‍ ഇടതുമുന്നണിക്ക് ഒപ്പമുള്ള സ്‌കറിയാ തോമസ് വിഭാഗവുമായി യോജിച്ചു പോവണമെന്ന് സിപിഎം ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അത്തരം കാര്യങ്ങള്‍ ചര്‍ച്ചയില്‍ വന്നിട്ടില്ലെന്നായിരുന്നു ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രതികരണം.
ആറു സീറ്റുകളാണ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതെങ്കിലും മൂന്നു സീറ്റെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. സിപിഎം നേതൃത്വവുമായി പ്രാഥമിക ചര്‍ച്ച മാത്രമാണ് നടത്തിയതെന്നും മുന്നണിയിലെ എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്തുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു. സീറ്റുകള്‍ അടക്കമുള്ള കാര്യങ്ങളില്‍ പ്രാഥമിക ചര്‍ച്ചയുണ്ടായതായി ഡോ. കെ സി ജോസഫും വ്യക്തമാക്കി. മുന്നണി വിടാനുള്ള തങ്ങളുടെ തീരുമാനത്തെ സിപിഎം സ്വാഗതം ചെയ്തിട്ടുണ്ട്. അര്‍ഹിക്കുന്ന പരിഗണന ഇടതുമുന്നണി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ നിര്‍വാഹകസമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരെയും ഫോണില്‍ ബന്ധപ്പെട്ട് ഫ്രാന്‍സിസ് ജോര്‍ജ് പിന്തുണ തേടി. ഇടതുമുന്നണി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും മുന്നണി പ്രവേശം സംബന്ധിച്ച നിലപാട് അപ്പോള്‍ അറിയിക്കാമെന്നുമായിരുന്നു സിപിഐ നേതാക്കളുടെ മറുപടി. മുന്നണിയിലെ മറ്റു ഘടകകക്ഷികളുമായും ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം ചര്‍ച്ച നടത്തും. യുഡിഎഫ് വിട്ടുവന്നതിനെ ചില ഇടതുമുന്നണി നേതാക്കള്‍ എതിര്‍ക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് എല്ലാവര്‍ക്കും അഭിപ്രായം ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ തന്നെ തങ്ങളുടെ നിലപാടിനെ സ്വാഗതം ചെയ്തിട്ടുണ്ടല്ലോ എന്നുമായിരുന്നു കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ മറുപടി.
Next Story

RELATED STORIES

Share it