Flash News

കേരളാ കോണ്‍ഗ്രസ് (എം) : വിട്ടുവീഴ്ചയില്ലെന്ന് കോണ്‍ഗ്രസ് ; നിലപാട് മയപ്പെടുത്തി യുഡിഎഫ്



തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിനോടുള്ള നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ഇന്ദിരാഭവനില്‍ നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയം ജില്ലാപഞ്ചായത്തിലെ രാഷ്ട്രീയ അട്ടിമറിയിലൂടെ കേരളാ കോണ്‍ഗ്രസ് (എം) കോണ്‍ഗ്രസ്സിനോട് കാണിച്ചത് കൊടിയ വഞ്ചനയാണ്. ജോസ് കെ മാണിയാണ് ഗൂഢാലോചനയ്ക്കു പിന്നില്‍. ഇതിനു പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുടെ പിന്തുണയുമുണ്ടായിരുന്നു. ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സുമായി രേഖാമൂലം ഉണ്ടാക്കിയ ധാരണ ലംഘിച്ചാണ് സിപിഎം പിന്തുണ സ്വീകരിച്ചത്. മാണിയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമുള്ളവരാണ് കേരളാ കോണ്‍ഗ്രസ്സുകാര്‍. അവസരവാദപരമായ നിലപാടുകള്‍ ശരിയല്ലെന്ന് ആ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുണ്ടായി. ഈ സാഹചര്യത്തില്‍ കെ എം മാണിയുമായി ഇനി യാതൊരു നീക്കുപോക്കിനുമില്ലെന്നും നിലപാടില്‍ വിട്ടുവീഴ്ച വേണ്ടെന്നും രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു.കോട്ടയം ഡിസിസി കേരളാ കോണ്‍ഗ്രസ്സിനെതിരേ പാസാക്കിയ പ്രമേയത്തിന് രാഷ്ട്രീയകാര്യ സമിതിയില്‍ അംഗീകാരം ലഭിച്ചു. കെ എം മാണിയോടും ജോസ് കെ മാണിയോടും യാതൊരു ബന്ധവും വേണ്ടെന്നായിരുന്നു പ്രമേയം. കോണ്‍ഗ്രസ്സിന്റെ നിലപാട് ഇതാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍നടപടികള്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നും ഹസന്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, ബജറ്റ് വിറ്റ അഴിമതിക്കാരനായ മാണിയെന്ന് പ്രചാരണം നടത്തി അധികാരത്തിലെത്തിയ സിപിഎം കേരളാ കോണ്‍ഗ്രസ്സിനെ പിന്തുണച്ചതിലൂടെ അവസരവാദ നിലപാടാണ് സ്വീകരിച്ചതെന്നും ഹസന്‍ പറഞ്ഞു. മാണിയെ തിരികെ യുഡിഎഫിലേക്ക് കൊണ്ടുവരണമെന്ന പി ജെ കുര്യന്റെ അഭിപ്രായം വ്യക്തിപരമാണെന്നും ഹസന്‍ പറഞ്ഞു. അതേസമയം മാണി വിഷയത്തില്‍ യുഡിഎഫ് നിലപാട് മയപ്പെടുത്തി. മാണി ഗ്രൂപ്പുമായി പ്രാദേശികമായ സഹകരണം തുടരാനാണ് ഇന്നലെ ചേര്‍ന്ന യുഡിഎഫിന്റെ ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനനിച്ചത്. രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ ആവശ്യമുള്ള ഘട്ടങ്ങളില്‍ ആലോചിക്കും. നിലവില്‍ തിരഞ്ഞെടുപ്പുകളൊന്നും ഇല്ലാത്തതിനാല്‍ അത്തരമൊരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നും യോഗം വിലയിരുത്തി. സംസ്ഥാന ഭരണത്തിന് കെട്ടുറപ്പ് നഷ്ടപ്പെട്ടു. സിപിഎം-സിപിഐ ചക്കളത്തിപ്പോര് പ്രതിസന്ധി ഉണ്ടാക്കുന്നു. മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മിന് ആത്മാര്‍ഥതയില്ല. കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗം ആവശ്യമില്ലാത്തതായിരുന്നുവെന്നും യോഗം കുറ്റപ്പെടുത്തി. അതേസമയം, മാണിക്കെതിരേ കോണ്‍ഗ്രസ് കടുത്ത നിലപാടുമായി മുന്നോട്ടുപോവുകയാണ്.
Next Story

RELATED STORIES

Share it