കേരളാ കോണ്‍ഗ്രസ് (എം) മഹാസമ്മേളനത്തിന് നാളെ കോട്ടയത്തു തുടക്കം

കോട്ടയം: കേരള കോണ്‍ഗ്രസ് എം മഹാസമ്മേളനത്തിനു നാളെ കോട്ടയത്തു തുടക്കമാവും. നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകീട്ട് അഞ്ചിനു പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി പതാക ഉയര്‍ത്തുന്നതോടെയാണു കേരള കോണ്‍ഗ്രസ്സിന്റെയും കേരള രാഷ്ട്രീയത്തിന്റെയും ഭാവിയില്‍ ഏറെ നിര്‍ണായകമാവുന്ന സമ്മേളനത്തിനു തുടക്കമാവുക. സമ്മേളനത്തിനു മുന്നോടിയായി ജില്ലയില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 14 മുതല്‍ 16 വരെയാണു സമ്മേളനം നടക്കുക. 15നു ലക്ഷം പേരുടെ പ്രകടനവും 16 നു രാവിലെ 10നു ഹോട്ടല്‍ ഐഡ ഓഡിറ്റോറിയത്തില്‍ വിവിധ ജില്ലകളില്‍ നിന്നു തിരഞ്ഞെടുത്ത നേതാക്കളുടെ പ്രതിനിധി സമ്മേളനവും നടക്കും.   അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കേരള കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനത്തിനാണു പാര്‍ട്ടി ഒരുങ്ങുന്നത്. സമ്മേളനത്തിനു മുന്നോടിയായി ഇന്നു നഗരത്തില്‍ വിളംബരജാഥകള്‍ നടക്കും. കെടിയുസി എമ്മിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് അഞ്ചിന് ഓട്ടോറിക്ഷാ തൊഴിലാളികളുടെ നേതൃത്വത്തില്‍ നഗരത്തില്‍ വിളംബര വാഹനജാഥ നടത്തും. ജാഥയ്ക്കു കെടിയുസിഎം സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, പൗലോസ് കടമ്പംകുഴിയില്‍, പ്രിന്‍സ് ലൂക്കോസ് നേതൃത്വം നല്‍കും. യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ ഇരുചക്ര വാഹന വിളംബരറാലി 14ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. 15ന് ചേരുന്ന സമ്മേളനത്തില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് അധ്യക്ഷത വഹിക്കും. 16ന് നടക്കുന്ന സമ്മേളനത്തിലാണ് നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ ഉണ്ടാവുക. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്നലെ വൈകീട്ട് ജോസ് കെ മാണി എംപി, റോഷി അഗസ്റ്റിന്‍ എംഎല്‍എ, സണ്ണി തെക്കേടം, വിജി എം തോമസ്, ജോജി കുരുതിയാടന്‍ എന്നിവര്‍ നാഗമ്പടം മൈതാനം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it