Flash News

കേരളാ കോണ്‍ഗ്രസ് (എം) തെരഞ്ഞെടുപ്പ് യോഗത്തില്‍ കൂട്ടത്തല്ല്.

പത്തനംതിട്ട: കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പ് യോഗത്തില്‍ കൂട്ടത്തല്ല്. ചെയര്‍മാന്‍ കെ.എം. മാണിയെയും ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫിനെയും മറ്റു മുതിര്‍ന്ന നേതാക്കളെയും സാക്ഷിയാക്കിയായിരുന്നു ഏറ്റുമുട്ടല്‍.

സമ്മേളന ഹാളിലാണ് ആദ്യം അടി നടന്നത്. നേതാക്കള്‍ ഇടപെട്ട് ഇരുകൂട്ടരെയും പുറത്തിറക്കി ഏതാനും മിനുട്ടുകള്‍ക്ക് ശേഷം അവിടെയും കൂട്ടയടി അരങ്ങേറി.
ജില്ലാ കമ്മറ്റി ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പാര്‍ട്ടി ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനായി എം.എല്‍.എമാരായ കെ.എം.മാണി, പി.ജെ. ജോസഫ്, തോമസ് ഉണ്ണിയാടന്‍, എം.പിമാരായ ജോസ് കെ. മാണി, ജോയി ഏബ്രഹാം എന്നിവര്‍ ഉച്ചയ്ക്ക് തന്നെ ഗസ്റ്റ് ഹൗസില്‍ എത്തിച്ചേര്‍ന്നിരുന്നു. ജില്ലാ കമ്മറ്റിയിലേക്ക് 129 പേരുടെ പട്ടികയുമായിട്ടാണ് ഇവര്‍ വന്നത്.
എന്നാല്‍ നിലവിലുള്ള ജില്ലാ കമ്മറ്റി തയാറാക്കിയ പട്ടികയില്‍ 175 പേരെയാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്.
പട്ടികയിലെ എണ്ണം കുറയ്ക്കുന്നതിനും തെരഞ്ഞെടുപ്പ് ഐകകണ്‌ഠ്യേനെയാക്കുന്നതിനുമായി വിക്ടര്‍ ടി. തോമസ്-ജോസഫ് എം. പുതുശേരി വിഭാഗങ്ങളെ നേതാക്കള്‍ ചര്‍ച്ചയ്ക്കു വിളിച്ചിരുന്നു. രണ്ടു വട്ടം ചര്‍ച്ച നടന്നുവെങ്കിലും സമവായത്തില്‍ എത്തിയില്ല.

വിക്ടര്‍ ടി. തോമസിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി പകരം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ജില്ലാ പ്രസിഡന്റ് സജി അലക്‌സിനെയോ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചെറിയാന്‍ പോളച്ചിറയ്ക്കലിനെയോ നിയമിക്കണമെന്നാണ് പുതുശേരി പക്ഷം ആവശ്യപ്പെട്ടത്. വിക്ടര്‍ 14 വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതും അവര്‍ ചൂണ്ടിക്കാട്ടി. ഈ ആവശ്യവും പട്ടികയിലെ എണ്ണത്തില്‍ കുറവു വരുത്തുന്നതും അംഗീകരിക്കാന്‍ വിക്ടര്‍ പക്ഷം തയാറായില്ല. സംസ്ഥാനത്ത് എല്ലായിടത്തും തെരഞ്ഞെടുപ്പ് സമവായത്തിലൂടെയാണ് നടത്തിയതെന്നും ഇവിടെയും അങ്ങനെ തന്നെയാകണമെന്നും  നേതാക്കള്‍ പറഞ്ഞു. സംസ്ഥാന കമ്മറ്റി കൊണ്ടു വന്ന പട്ടിക അംഗീകരിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

ഇക്കാര്യത്തില്‍ സമവായത്തില്‍ എത്താന്‍ കഴിയാതെ വന്നതോടെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നും അതിന് ഒരു തീയതി നിശ്ചയിക്കാമെന്നും കെ.എം. മാണി പറഞ്ഞു. ഇതിന് ശേഷം ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ സമ്മേളന ഹാളില്‍ എത്തി വേദിയില്‍ കയറിയതിന് പിന്നാലെ, തെരഞ്ഞെടുപ്പ് മാറ്റി വച്ചുവെന്ന് കെ.എം. മാണി അറിയിച്ചു. സമവായ സാധ്യത മങ്ങിയതു കൊണ്ടാണ് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മൂന്ന് യൂത്ത്ഫ്രണ്ട് നേതാക്കളും ഇവരെ അനുകൂലിക്കുന്നവരും സമ്മേളന ഹാളിലേക്ക് വന്നു. തങ്ങളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

പാര്‍ട്ടി തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് വേദിയിലുണ്ടായിരുന്ന നേതാക്കള്‍ അറിയിച്ചു. എന്നാല്‍, വേദിയില്‍ വച്ചു തന്നെ പ്രഖ്യാപനം ഉണ്ടാകണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. നിലവില്‍ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റും മുന്‍ എം.എല്‍.എ മാമ്മന്‍ മത്തായിയുടെ മകനുമായ ദീപു അത് നടക്കില്ലെന്ന് അറിയിച്ചു. പുതുശേരി പക്ഷത്ത് നിന്നുള്ളയാളാണ് ദീപു. ഇതിന് പിന്നാലെ വിക്ടറിനെ അനുകൂലിക്കുന്ന തിരുവല്ലയില്‍ നിന്നുള്ള ദളിത് ഫ്രണ്ട് (എം) നേതാവ് രാജു ദീപുവിനെ മര്‍ദിക്കുകയായിരുന്നു. ഇതോടെ കൂട്ടയടിയായി. അടിയുണ്ടാക്കുന്നവര്‍ സമ്മേളന ഹാള്‍ വിട്ടു പോകണമെന്ന് ജോസ് കെ. മാണി എം.പി അന്ത്യശാസനം നല്‍കിയതോടെ പ്രവര്‍ത്തകര്‍ ഹാളിന് വെളിയില്‍ പോയി. തുടര്‍ന്ന് നേതാക്കള്‍ സ്ഥലം വിട്ടു. തൊട്ടു പിന്നാലെ ജില്ലാ കമ്മറ്റി ഓഫീസിന് മുന്നില്‍ വീണ്ടും കൂട്ടയടി നടന്നു
Next Story

RELATED STORIES

Share it