കേരളാ കോണ്‍ഗ്രസ് എം ഓഫിസിനു നേരെ ജനപക്ഷം പ്രവര്‍ത്തകരുടെ അതിക്രമം

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ജനപക്ഷം പ്രവര്‍ത്തകരുടെ അതിക്രമം. മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി എത്തിയ പ്രവര്‍ത്തകര്‍ കല്ലും കുപ്പിച്ചില്ലുമായെത്തി ഓഫിസ് ആക്രമിക്കുകയായിരുന്നെന്ന് കേരളാ കോ ണ്‍ഗ്രസ് എം ആരോപിച്ചു. കഴിഞ്ഞയാഴ്ച നടന്ന കേരളാ കോ ണ്‍ഗ്രസ് എമ്മിന്റെ സംസ്ഥാന സമ്മേളനത്തെ തുടര്‍ന്ന് മാണി വിഭാഗവും പി സി ജോര്‍ജും തമ്മില്‍ ആരോപണപ്രത്യാരോപണങ്ങള്‍ നടക്കുന്നതിനിടെയാണ് ഓഫിസ് അക്രമം. ഇന്നലെ ഉച്ചയ്ക്കാണു സംഭവം. ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് എംഎല്‍എയെ യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ അപമാനിച്ചതായി ആരോപിച്ച് യുവജനപക്ഷം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനുശേഷം പ്രവര്‍ത്തകര്‍ പ്രകടനമായി മടങ്ങുന്നതിനിടെ ഒരുസംഘം പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് ഓഫിസിനു നേരെ കല്ലെറിഞ്ഞു. തടയാന്‍ ശ്രമിച്ച ഓഫിസ് സെക്രട്ടറി ബാബു വഴിയമ്പലത്തെ ആക്രമിച്ചതായും പരാതിയുണ്ട്. കല്ലേറില്‍ പാര്‍ട്ടി ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ കേരള ജനപക്ഷത്തിന്റെ 14 പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രന്‍, വൈക്കം വടശ്ശേരില്‍ മില്‍ട്ടണ്‍, വേകത്താനത്ത് മാത്യു ജോര്‍ജ്, പതിയില്‍ ജിജോ ജെയിംസ്, കുളത്തിങ്കല്‍ ജദീഷ്, പുത്തന്‍വീട്ടില്‍ മിഥിലാജ്, ചേന്നാട്ട് ജിജി ജോര്‍ജ്, ചിറക്കടവ് രാഗസുധയില്‍ പ്രവീണ്‍, ഇടക്കുന്നം പാപ്പനംമൂട്ടില്‍ റഷീദ്, ചിറക്കടവ് ഇടത്തിനകം ജോമി ഡൊമിനിക്, ആദില്‍മന്‍സില്‍ അബ്ദുല്‍ ലത്തീഫ്, വടക്കേടത്ത് ലിന്‍സ്, പതിയാമറ്റം സച്ചിന്‍ ജെയിംസ്, താഴത്തുവടകര റെജി ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും പാര്‍ട്ടി ഓഫിസില്‍ അതിക്രമിച്ചുകടന്നതിനുമാണ് പോലിസ് കേസെടുത്തത്. അതേസമയം, സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി എംഎല്‍എ ആവശ്യപ്പെട്ടു. അക്രമത്തില്‍ വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസ് എംഎല്‍എ, വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി, ജോയ് എബ്രഹാം എംപി, എംഎല്‍എമാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവര്‍ പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it