കേരളാ കോണ്‍ഗ്രസ്സുകളെ തളര്‍ത്തി അപ്രതീക്ഷിത തിരിച്ചടികള്‍

കോട്ടയം: തിരഞ്ഞെടുപ്പ് ഫലം കേരളാ കോണ്‍ഗ്രസ്സുകള്‍ക്കു സമ്മാനിച്ചത് നഷ്ടക്കണക്കുകളും അപ്രതീക്ഷിത തിരിച്ചടികളും. ഇടതുമുന്നണിയില്‍ ഘടകകക്ഷിയായ സ്‌കറിയ തോമസ് വിഭാഗവും ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സും നിയമസഭാ പ്രാതിനിധ്യം ഇല്ലാതെ പുറത്തായി. കഴിഞ്ഞതവണ 15 സീറ്റുകളില്‍ മല്‍സരിച്ച് ഒമ്പതെണ്ണത്തില്‍ വിജയിച്ച മാണി വിഭാഗം ഇത്തവണ ആറ് സീറ്റുകളിലേക്ക് ഒതുങ്ങി.
പാലായില്‍ കെ എം മാണി 4703 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. മാണിക്ക് പുറമേ പി ജെ ജോസഫ് (തൊടുപുഴ), മോന്‍സ് ജോസഫ് (കടുത്തുരുത്തി), സി എഫ് തോമസ് (ചങ്ങനാശ്ശേരി), ഡോ. എന്‍ ജയരാജ് (കാഞ്ഞിരപ്പള്ളി), റോഷി അഗസ്റ്റിന്‍ (ഇടുക്കി) എന്നീ പാര്‍ട്ടി സ്ഥാനാര്‍ഥികളും വിജയിച്ചു. ചങ്ങനാശ്ശേരിയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. കെ സി ജോസഫുമായി വാശിയേറിയ മല്‍സരത്തിനൊടുവില്‍ 1849 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സി എഫ് തോമസിന്റെ വിജയം.
ഇടതുതരംഗത്തിലും യുഡിഎഫിനെ കൈവിടാതിരുന്ന കോട്ടയം, ഇടുക്കി ജില്ലകളിലാണു കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചുകയറിയത്. എന്നാല്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിലൂടെ ഈ ജില്ലകളില്‍ സ്വാധീനം ഉറപ്പിക്കാമെന്ന സിപിഎം കണക്കുകൂട്ടല്‍ പാളുകയും ചെയ്തു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മല്‍സരിപ്പിച്ച ഫ്രാന്‍സിസ് ജോര്‍ജ് (ഇടുക്കി), പി സി ജോസഫ് (പൂഞ്ഞാര്‍), ഡോ. കെ സി ജോസഫ് (ചങ്ങനാശ്ശേരി), ആന്റണി രാജു (തിരുവനന്തപുരം) എന്നിവര്‍ ദയനീയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.
യുഡിഎഫിനൊപ്പം മല്‍സരിച്ച കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിറവം നിലനിര്‍ത്തി. ഇടതുപിന്തുണയോടെ പത്തനാപുരത്ത് അങ്കത്തിനിറങ്ങിയ കേരളാ കോണ്‍ഗ്രസ് പിള്ള വിഭാഗം സിറ്റിങ് എംഎല്‍എ കെ ബി ഗണേഷ്‌കുമാര്‍ 24562 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി.
ഇരുമുന്നണികളുടെയും പിന്തുണയില്ലാതെ പൂഞ്ഞാറില്‍ സ്വതന്ത്രനായി മല്‍സരത്തിനിറങ്ങിയ കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി സി ജോര്‍ജ് 27821 വോട്ടുകളുടെ ഭൂരിപക്ഷം നേടി. എല്‍ഡിഎഫ് ഘടകക്ഷിയായ കേരളാ കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം കടുത്തുരുത്തിയില്‍ പരാജയപ്പെട്ടു. സ്‌കറിയ തോമസായിരുന്നു കടുത്തുരുത്തിയിലെ സ്ഥാനാര്‍ഥി. എന്‍ഡിഎ ഘടകകക്ഷിയായ പി സി തോമസ് വിഭാഗം കടുത്തുരുത്തി സ്ഥാനാര്‍ഥി സ്റ്റീഫന്‍ ചാഴിക്കാടന് മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
Next Story

RELATED STORIES

Share it