Districts

കേരളാ കോണ്‍ഗ്രസ്സില്‍ ഭിന്നത തുടരുന്നു

തിരുവനന്തപുരം: കെ എം മാണിയുടെ രാജിയെത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഉടലെടുത്ത ഭിന്നത തുടരുന്നു. മാണിക്കൊപ്പം രാജിവയ്ക്കാന്‍ വിസമ്മതിച്ച മന്ത്രി പി ജെ ജോസഫിനെ പരോക്ഷമായി വിമര്‍ശിച്ച് തോമസ് ഉണ്ണിയാടന്‍ രംഗത്തെത്തി.
അതേസമയം, ഇടഞ്ഞുനില്‍ക്കുന്ന മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും യുഡിഎഫില്‍ സജീവമായി. പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പി ജെ ജോസഫ് വിഭാഗം നേതാക്കളും മാണിയുമായി ചര്‍ച്ച നടത്തി. എന്നാല്‍, കേരളാ കോണ്‍ഗ്രസ്(എം) പിളരുന്ന സാഹചര്യമൊന്നും നിലവിലില്ലെന്ന് പി ജെ ജോസഫ് പ്രതികരിച്ചു. ചീഫ്‌വിപ്പ് സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി അറിയിച്ച തോമസ് ഉണ്ണിയാടന്‍ രാജിക്ക് വിസമ്മതിച്ച പി ജെ ജോസഫിനേയും പരോക്ഷമായി വിമര്‍ശിച്ചു. പാര്‍ട്ടി നേതാവിന് വേദനയും വിഷമവും ഉണ്ടായപ്പോള്‍ എല്ലാവരും കൂടെ നില്‍ക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ആയാലും സംഘടന ആയാലും പരസ്പര സ്‌നേഹവും കൂട്ടായ്മയും വേണം. മാണിക്കൊപ്പം രാജിവച്ചതില്‍ ഒരുതെറ്റും താന്‍ കാണുന്നില്ല. അധികാരത്തേക്കാള്‍ വലുതാണ് നേതൃത്വം. അതാണ് തന്റെ സംസ്‌കാരം. പി ജെ ജോസഫ് അദ്ദേഹത്തിന്റെ തീരുമാനമെടുത്തു. തനിക്ക് അതേക്കുറിച്ച് ഒന്നും പറയാനില്ല. ജോസഫിന്റെ തീരുമാനം എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല. ഭരണകക്ഷി അംഗങ്ങള്‍ പ്രതിപക്ഷത്തെപ്പോലെ സംസാരിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇത്തരം പ്രസ്താവനകള്‍ കേരള കോണ്‍ഗ്രസിന്റെ യശസ്സിന് ചേര്‍ന്നതല്ലെന്ന് ജോസഫ് വിഭാഗം നേതാവ് ആന്റണി രാജു പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ല. കെ എം മാണിക്ക് ഉണ്ണിയാടന്റെ അഭിപ്രായമുണ്ടെന്ന് കരുതുന്നില്ലെന്നും ആന്റണി രാജു പറഞ്ഞു.
എന്നാല്‍, കേരള കോണ്‍ഗ്രസ് പിളരേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നായിരുന്നു മന്ത്രി പി ജെ ജോസഫിന്റെ പ്രതികരണം. ധനമന്ത്രി ആരായിരിക്കണമെന്ന് പാര്‍ട്ടി നേതാവായ കെ എം മാണി തീരുമാനിക്കും. ധനമന്ത്രിസ്ഥാനം താന്‍ ഏറ്റെടുക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഇടഞ്ഞു നില്‍ക്കുന്ന മാണിയെ അനുനയിപ്പിക്കാനും യുഡിഎഫില്‍ ശ്രമം തുടങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ ബാബു, കെ പി മോഹനന്‍, വി എസ് ശിവകുമാര്‍, ഷിബു ബേബിജോണ്‍, നിയമ സെക്രട്ടറി ജി ബി ഹരീന്ദ്രനാഥ്, അഡീഷനല്‍ അഡ്വ. ജനറല്‍ ബാബു വര്‍ഗീസ് എന്നിവര്‍ മാണിയുമായി ചര്‍ച്ച നടത്തി.
സര്‍ക്കാരിനെതിരെ കടുത്ത നിലപാടിലേക്കു പോവാതെ മാണിയെ അനുനയിപ്പിക്കാനായിരുന്നു കൂടിക്കാഴ്ച. ഉച്ചയോടെ പി ജെ ജോസഫ് വിഭാഗം നേതാക്കളായ ടി യു കുരുവിളയും മോന്‍സ് ജോസഫും മാണിയെ സന്ദര്‍ശിച്ചു. എന്നാല്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് വ്യക്തമാക്കാന്‍ മന്ത്രിമാര്‍ തയ്യാറായില്ല. പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് സന്ദര്‍ശനത്തിനു ശേഷം കുരുവിളയും മോന്‍സ് ജോസഫും വ്യക്തമാക്കി. വൈകീട്ട് മാണിയുമായി പി ജെ ജോസഫും കൂടിക്കാഴ്ച നടത്തി.
Next Story

RELATED STORIES

Share it