Districts

കേരളാ കോണ്‍ഗ്രസ്സില്‍ ഭിന്നത; രാജിവയ്ക്കണമെന്ന മാണിയുടെ ആവശ്യം പി ജെ ജോസഫ് തള്ളി

തിരുവനന്തപുരം: ബാര്‍ കോഴയിലെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഉടലെടുത്ത ആഭ്യന്തരകലഹം പിളര്‍പ്പിന്റെ വക്കിലേക്ക്. കെ എം മാണിയുടെ രാജി ചര്‍ച്ചചെയ്യാനായി വിളിച്ചുചേര്‍ത്ത സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഭിന്നത രൂക്ഷമായത്. മാണിയുടെ രാജി ഒഴിവാക്കാനാവില്ലെന്നായിരുന്നു യോഗത്തിലെ പൊതുവികാരം.
യുഡിഎഫ് നിര്‍ബന്ധിച്ചുള്ള രാജി ഉണ്ടാവരുതെന്നും അഭിപ്രായമുണ്ടായി. യുഡിഎഫില്‍ ഒറ്റപ്പെട്ടതോടെ രാജിസന്നദ്ധത അറിയിച്ച മാണി തനിക്കൊപ്പം മന്ത്രി പി ജെ ജോസഫും ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടനും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. തോമസ് ഉണ്ണിയാടന്‍ മാണിയെ പിന്തുണച്ച് രാജിസന്നദ്ധത അറിയിച്ചെങ്കിലും പി ജെ ജോസഫ് ആവശ്യം തള്ളി. ഇതോടെയാണ് രൂക്ഷമായ തര്‍ക്കങ്ങള്‍ ഉടലെടുത്തത്.
സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ മുതിര്‍ന്ന നേതാവ് സി എഫ് തോമസാണ് ആദ്യം സംസാരിച്ചത്. മാണിയെ അനുകൂലിച്ചു സംസാരിച്ച അദ്ദേഹം രാജിയിലേക്ക് പോവേണ്ടതില്ലെന്നു പറഞ്ഞു. തനിക്കെതിരായി കോണ്‍ഗ്രസ്സിലെ ചിലര്‍ ഗൂഢനീക്കം നടത്തിയതായി മാണി അറിയിച്ചു. രാജിക്ക് സന്നദ്ധനാണ്. സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരം മുന്നോട്ടുപോവുമെന്നും മാണി പറഞ്ഞു. മാണി രാജിവച്ചാല്‍ പാര്‍ട്ടി ഒന്നാകെ പിന്തുണ നല്‍കണമെന്ന് മാണിവിഭാഗം ആവശ്യപ്പെട്ടു. നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ മാണി രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് തുടര്‍ന്ന് സംസാരിച്ച മോന്‍സ് ജോസഫ് പറഞ്ഞു. രാജിവയ്ക്കാതെ കൈവിട്ട കളികളുമായി മുന്നണിയെ വെല്ലുവിളിച്ചാല്‍ താനും പി ജെ ജോസഫും ടി യു കുരുവിളയും ഒപ്പമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തുടര്‍ന്ന് യോഗത്തില്‍ തര്‍ക്കം രൂക്ഷമായി. അതിനിടെ, യുഡിഎഫിന്റെ പൊതുവികാരം മുഖ്യമന്ത്രി ഫോണിലൂടെ മാണിയെ അറിയിച്ചു. തുടര്‍ന്ന്, രണ്ടുതവണ യോഗം നടക്കുന്ന ഹാളിനു പുറത്തേക്കു പോയ മാണി പലരുമായും ഫോണില്‍ ബന്ധപ്പെട്ടതിനുശേഷം സി എഫ് തോമസുമായി ചര്‍ച്ച നടത്തി. താന്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്നും പ്രശ്‌നത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് അറിയിക്കാനാണ് മൂവരുടെയും രാജി ആവശ്യപ്പെട്ടതെന്നും മാണി യോഗത്തെ അറിയിച്ചു. എന്നാല്‍, രാജിവയ്ക്കില്ലെന്ന നിലപാട് പി ജെ ജോസഫ് ആവര്‍ത്തിച്ചു. എല്ലാവരും രാജിവയ്‌ക്കേണ്ടതിന്റെ പ്രസക്തി എന്താണെന്നു ചോദിച്ച ജോസഫ്, പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാരിനെതിരേ നില്‍ക്കാനില്ലെന്നും അറിയിച്ചു.
നാലുമണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ ചെയര്‍മാന്‍ കെ എം മാണിയും വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫും പാര്‍ട്ടിയുടെ തീരുമാനം അറിയിക്കട്ടെയെന്ന നിര്‍ദേശത്തോടെ യോഗം പിരിയുകയായിരുന്നു. രാജിപ്രഖ്യാപനത്തില്‍ ജോസഫ് വിഭാഗം നേതാക്കളാരും പങ്കെടുത്തില്ല.
Next Story

RELATED STORIES

Share it