കേരളാ കോണ്‍ഗ്രസ്സിനോട് അടുക്കാനുള്ള നീക്കം: ബിജെപി നേതൃത്വത്തില്‍ ഭിന്നത

തിരുവനന്തപുരം: കെ എം മാണിയോടും കേരളാ കോണ്‍ഗ്രസ്സിനോടും അടുക്കാനുള്ള നിലപാടിനെച്ചൊല്ലി ബിജെപി നേതൃത്വത്തില്‍ ഭിന്നത. സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനെ തള്ളി മുന്‍ അധ്യക്ഷന്‍ പി കെ കൃഷ്ണദാസ് രംഗത്തെത്തി. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് മാണിക്കെതിരേ ശക്തമായി സമരം നടത്തിയ പാര്‍ട്ടിയാണ് ബിജെപിയെന്ന് പി കെ കൃഷ്ണദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.കേരളാ കോണ്‍ഗ്രസ് എമ്മിനോട് സഹകരിക്കാന്‍ ബിജെപി തയ്യാറാണെന്ന് വി മുരളീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പ്രാദേശികതലത്തില്‍ സഖ്യമുണ്ടായാല്‍ ചില തദ്ദേശസ്ഥാപനങ്ങളില്‍ ഭരണം പിടിക്കാനാവുമെന്ന നിലപാടാണ് മുരളീധരന്‍ സ്വീകരിച്ചത്. ഇത് ബിജെപിയുടെ പൊതുനിലപാടാണെന്നും മുരളീധരന്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, അത്തരത്തിലൊരു ചര്‍ച്ചയ്ക്ക് ഇപ്പോള്‍ സാധ്യതയില്ലെന്നായിരുന്നു പി കെ കൃഷ്ണദാസിന്റെ പ്രതികരണം.

എല്‍ഡിഎഫിലെയും യുഡിഎഫിലെയും ഘടകകക്ഷികള്‍ മുന്നണി വിട്ടുവന്നാല്‍ മാത്രമേ അവരെ സ്വീകരിക്കുന്ന കാര്യം ആലോചിക്കൂവെന്നും കൃഷ്ണദാസ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സുമായി സഹകരിക്കുമെന്ന വി മുരളീധരന്റെ പ്രസ്താവനയില്‍ ബിജെപിയില്‍ വ്യാപകമായ എതിര്‍പ്പുണ്ടെന്ന സൂചനയാണ് കൃഷ്ണദാസിന്റെ പ്രതികരണം നല്‍കുന്നത്. കെ എം മാണിക്കെതിരേ യുവമോര്‍ച്ചയും ബിജെപിയും ശക്തമായി സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷന്റെ മനംമാറ്റം പാര്‍ട്ടിയില്‍ ചര്‍ച്ചയ്ക്കും കാരണമായിട്ടുണ്ട്.  അതിനിടെ, വി മുരളീധരന്റെ നിലപാടുകളെ വിമര്‍ശിച്ച് ശിവസേനയും രംഗത്തെത്തി. അധികാര രാഷ്ട്രീയത്തിനു വേണ്ടി എന്തു വൃത്തികെട്ട കളിയും കളിക്കുമെന്നതിന്റെ തെളിവാണ് കെ എം മാണിയുമായി കൂട്ടുകെട്ടുണ്ടാക്കുമെന്ന മുരളീധരന്റെ പ്രസ്താവനയെന്ന് ശിവസേന കേരള രാജ്യപ്രമുഖ് എം എസ് ഭുവനചന്ദ്രന്‍ പറഞ്ഞു. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട ബിജെപി, യുവജനപ്രസ്ഥാനങ്ങളെക്കൊണ്ട് ആര്‍ക്കെതിരേയാണോ സമരം നടത്തിയത് അവരുമായി കൂട്ടുകെട്ടുണ്ടാക്കാനാണു ശ്രമിക്കുന്നത്.  ഇരുമുന്നണികളും ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ ബിജെപി ഇപ്പോള്‍ സ്വയം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറിയിരിക്കുകയാണ്. അവസരവാദരാഷ്ട്രീയം പൂര്‍ത്തീകരിച്ചെന്ന് ബിജെപി തെളിയിച്ചതായും ഭുവനചന്ദ്രന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it