കേരളാ കോണ്‍ഗ്രസ്(ബി) ഇടതു മുന്നണിയുടെ ഭാഗമാണെന്ന് പിള്ള

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ഇടതുമുന്നണിയുടെ ഭാഗമാണെന്നും മുന്നണി പ്രവേശനം തികച്ചും സാങ്കേതികമായ കാര്യമാണെന്നും പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള. ഇടതുമുന്നണിയുടെ ഭാഗമായാണ് കേരളാ കോണ്‍ഗ്രസ് ബി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ ഭാഗമായാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം ബാലകൃഷ്ണപ്പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുമുന്നണിയുടെ ഭാഗമാണെന്ന നല്ല ബോധ്യത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത്. കേരളാ കോണ്‍ഗ്രസ് ബിയുടെ കൂടി പരിശ്രമത്തിന്റെ ഫലമായാണ് ഇടതുമുന്നണിക്കു വിജയമുണ്ടായത്. ഇക്കാര്യം കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും വൈക്കം വിശ്വനും തുറന്നുപറഞ്ഞിട്ടുള്ളതാണ്. വി എസ് അച്യുതാനന്ദന്‍ മല്‍സരിക്കണമോ മുഖ്യമന്ത്രിയാവണമോ എന്നതൊക്കെ സിപിഎമ്മാണു തീരുമാനിക്കേണ്ടത്. ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ കേരളാ കോണ്‍ഗ്രസ് ബിക്ക് അവകാശമില്ല. എസ്എന്‍ഡിപി- ബിജെപി കൂട്ടുകെട്ടിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു ചലനവുമുണ്ടാക്കാനായിട്ടില്ലെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.
ബാര്‍ കോഴക്കേസ് പൂര്‍ണമായി സിബിഐ അന്വേഷിക്കണമെന്ന് ആര്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. കെ എം മാണിക്ക് പുറമെ, മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാര്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയെല്ലാം ബിജു രമേശ് ആരോപണമുന്നയിച്ചിട്ടുണ്ട്. ബാബുവിനെതിരായ മൊഴിയില്‍ വിജിലന്‍സ് നിയമപരമായ നടപടിയെടുത്തിട്ടില്ല. ബാബുവിനെതിരേ ശരിരായ രീതിയില്‍ അന്വേഷണം നടന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ തല ഉരുളും. സര്‍ക്കാരിന്റെ കാലാവധി തീരാറായതോടെ മന്ത്രിമാരെല്ലാം കടുംവെട്ട് തുടങ്ങിയിരിക്കുകയാണെന്നും ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ബാര്‍ കോഴക്കേസില്‍ നിയമനടപടിയുമായി മുന്നോട്ടു പോവും. സമാന ആരോപണത്തില്‍ കെ എം മാണിയുടെ കാര്യത്തില്‍ സ്വീകരിച്ച നടപടി ബാബുവിന്റെ പേരിലുണ്ടായില്ല. ബാബുവിനെതിരായ അന്വേഷണം അട്ടിമറിക്കുകയായിരുന്നു. വിരമിച്ച ശേഷം ലഭിക്കുന്ന നിയമനത്തിന് വേണ്ടി ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനിന്നു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വിരമിച്ച ശേഷം സര്‍ക്കാര്‍ നിയമനം നല്‍കില്ലെന്ന നിയമം വന്നാല്‍ മാത്രമെ രാജ്യം രക്ഷപ്പെടൂ. വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രയ്ക്ക് കേരളത്തില്‍ ഒരു ചലനവുമുണ്ടാക്കാന്‍ കഴിയില്ലെന്നും പിള്ള കുറ്റപ്പെടുത്തി.
ഉമ്മന്‍ചാണ്ടി അരുവിക്കരയില്‍ പരീക്ഷിച്ച വര്‍ഗീയത തദ്ദേശതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 91 നിയമസഭാസീറ്റുകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം ലഭിച്ചു. ഏഴ് ജില്ലാപഞ്ചായത്ത് യുഡിഎഫിന് ലഭിച്ചെങ്കിലും നിയമസഭാമണ്ഡലങ്ങളും ജനസംഖ്യയും കുറഞ്ഞ ജില്ലകളാണ് അതില്‍ കൂടുതലും. കേരളാ കോണ്‍ഗ്രസ് ബിക്ക് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായി. എല്‍ഡിഎഫ് മികച്ച പ്രകടനാണ് നടത്തിയത്. കൊല്ലം ജില്ലയില്‍ യുഡിഎഫിന്റെ സാന്നിധ്യം നാമമാത്രമായെന്നും പിള്ള കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it