കേരളാ കോണ്‍ഗ്രസ്(എം) വിമതരുമായി സിപിഎം ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മില്‍നിന്ന് രാജിവച്ചു പുറത്തുവന്ന വിമതരുമായി സിപിഎം നേതാക്കള്‍ ഇന്നു തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിമതര്‍ക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ചും എല്‍ഡിഎഫുമായി സഹകരിപ്പിക്കുന്നത് സംബന്ധിച്ചുമാണ് ചര്‍ച്ച.
അതേസമയം, വിമതരെക്കുറിച്ച് പഠിക്കാതെയും പരിശോധിക്കാതെയും മുന്നണിയിലെടുക്കരുതെന്ന് വി എസ് പറഞ്ഞു. യുഡിഎഫിനൊപ്പമുണ്ടായിരുന്ന കാലത്ത് നടത്തിയ അഴിമതി ആരോപണങ്ങള്‍ കഴുകിക്കളയാനാണ് എല്‍ഡിഎഫിനോട് കൂട്ടുകൂടുന്നത്. അതുകൊണ്ട് ഇവര്‍ വരുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഗൗരവമായി പഠിക്കേണ്ടതുണ്ടെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളാ കോണ്‍ഗ്രസ് എമ്മില്‍നിന്ന് പുറത്തുവരുന്നത് സംബന്ധിച്ച് സിപിഎം നേതാക്കളുമായി മാണി ഗ്രൂപ്പിലെ വിമതവിഭാഗം നേരത്തേ രഹസ്യചര്‍ച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ യുഡിഎഫ് വിട്ടാല്‍ മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു.
നാലു സീറ്റുകള്‍ എല്‍ഡിഎഫ് വിട്ടുനല്‍കുമെന്നാണ് ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇടതുമുന്നണിയില്‍ ഇവരെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ട്. എല്‍ഡിഎഫുമായി ആദ്യം സഹകരിപ്പിക്കാനും പിന്നീട് മുന്നണിയുടെ ഭാഗമാക്കാനുമാണ് സാധ്യത. ഐഎന്‍എല്‍, കേരളാ കോണ്‍ഗ്രസ് ബി തുടങ്ങി പത്തോളം പാര്‍ട്ടികള്‍ നിലവില്‍ മുന്നണിക്ക് പുറമേ നിന്ന് എല്‍ഡിഎഫുമായി സഹകരിക്കുന്നുണ്ട്. വിമതരെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ സിപിഐയുടെ നിലപാട് നിര്‍ണായകമാവും. കേരളാ കോണ്‍ഗ്രസ് എമ്മിലെ പി ജെ ജോസഫ് നേരത്തേ എല്‍ഡിഎഫിന്റെ ഭാഗമായിരുന്നതിനാല്‍ മടങ്ങിവരുന്നതിന് തടസ്സമുണ്ടാവില്ലെന്നാണ് ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും പ്രതീക്ഷിക്കുന്നത്. അതിനിടെ, യുഡിഎഫ് വിട്ട് കേരളാ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഇടതുപക്ഷത്തേക്ക് വരുന്നത് സിപിഎം പിബി അംഗം എം എ ബേബി സ്വാഗതം ചെയ്തു. യുഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ തകര്‍ന്നു. യുഡിഎഫിലെ ഓരോ പാര്‍ട്ടിക്കുള്ളിലും ഗുരുതരമായ പ്രതിസന്ധി രൂപപ്പെട്ടുവന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it