കേരളവുമായുള്ള ബന്ധത്തിന് കരുത്തു പകരും: യുഎഇ മന്ത്രി

കൊച്ചി: കേരളത്തിലെ യുവതീയുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ തൊഴിലെടുത്തു ജീവിക്കുന്നതിനുള്ള അവസരമാണ് സ്മാര്‍ട്ട് സിറ്റി ഒരുക്കുന്നതെന്നും ലോകം ഇനി കേരളത്തിലേക്കു വരുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേരളവും അറബ് നാടുകളുമായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബന്ധത്തിന് കൂടുതല്‍ ഊഷ്മളതയും കരുത്തും പകരാന്‍ സ്മാര്‍ട്ട് സിറ്റിക്ക് കഴിയുമെന്ന് യുഎഇ മന്ത്രിയും ദുബയ് ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവിയും പറഞ്ഞു. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇരുവരും.
സ്മാര്‍ട്ട് സിറ്റി പദ്ധതി കേരളത്തിന്റെ അഭിമാന മുഹൂര്‍ത്തമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ലോകം ഇനി കേരളത്തിലേക്കു വരുന്ന കാഴ്ചയാണ് കാണാന്‍ പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു കേവലം ഉദ്ഘാടനമല്ല, കേരളം ലോകത്തിനു മുന്നില്‍ വാതില്‍ തുറക്കുന്ന നിമിഷമാണ്. നമുക്ക് നിരവധി സാധ്യതകളുണ്ടായിരുന്നെങ്കിലും അവയൊന്നും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇനി കാത്തിരിക്കാനാവില്ല. നമ്മുടെ യുവാക്കളെ ഇവിടെത്തന്നെ നിര്‍ത്തി നാടിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്താന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി നടപ്പാക്കുന്നതില്‍ ദുബയ് ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എടുത്ത താല്‍പര്യത്തിന് സംസ്ഥാനത്തിന് കൃതജ്ഞതയുണ്ട്. ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് അദ്ദേഹം ഈ ചടങ്ങിനെത്താതിരുന്നത്. ഏറ്റവുമടുത്ത സന്ദര്‍ഭത്തില്‍ കേരളം സന്ദര്‍ശിക്കുമെന്ന് ശെയ്ഖ് മുഹമ്മദ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വ്യവസായാന്തരീക്ഷത്തിന് ആത്മവിശ്വാസം പകരുന്ന സംരംഭമാണ് സ്മാര്‍ട്ട് സിറ്റി. ഇതുപോലുള്ള നിരവധി സംരംഭങ്ങള്‍ ഉണ്ടാവണം. 11 വര്‍ഷം മുമ്പ് ആവിഷ്‌കരിച്ച പദ്ധതിയില്‍ അനാവശ്യമായ കാലതാമസമുണ്ടായി. ഇവ ഒഴിവാക്കാമായിരുന്നു. തൊഴിലവസരങ്ങള്‍ക്കു പുറമെ സംസ്ഥാനത്തു നിന്നുള്ള ഐടി കയറ്റുമതിയിലും വന്‍ കുതിപ്പേകാന്‍ സ്മാര്‍ട്ട് സിറ്റിക്ക് കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളവും അറബ്‌നാടുകളുമായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബന്ധത്തിന് കൂടുതല്‍ ഊഷ്മളതയും കരുത്തും പകരാന്‍ സ്മാര്‍ട്ട് സിറ്റി—ക്ക് കഴിയുമെന്ന് യുഎഇ മന്ത്രിയും ദുബയ് ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി പറഞ്ഞു. സാങ്കേതികവിദ്യയുടെ ശക്തിയില്‍ കേരളത്തെ ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ മികവിലേക്കു നയിക്കാന്‍ സ്മാര്‍ട്ട് സിറ്റിക്ക് കഴിയും. കേരളം ആഗോള വിജ്ഞാനകേന്ദ്രമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തില്‍ പകുതിയോളം വരുന്ന മലയാളികള്‍ നാടിന്റെ വികസനത്തില്‍ ഗണ്യമായ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. യുഎഇയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ പദ്ധതികളിലൊന്നാണ് സ്മാര്‍ട്ട് സിറ്റിയെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരത, സാങ്കേതിക മുന്നേറ്റം, ഇന്റര്‍നെറ്റ് വ്യാപനം എന്നിവയില്‍ കേരളം കൈവരിച്ചിരിക്കുന്ന നേട്ടങ്ങള്‍ സ്മാര്‍ട്ട് സിറ്റിയെ ആഗോള ലക്ഷ്യസ്ഥാനങ്ങളിലൊന്നാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകമെങ്ങുമുള്ള മലയാളികളുടെ സുന്ദരസ്വപ്‌നമാണ് സ്മാര്‍ട്ട് സിറ്റിയിലൂടെ സാക്ഷാല്‍ക്കരിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 2004 ഒക്‌ടോബറില്‍ ദുബയില്‍ നടന്ന ജിടെക്‌സ് വ്യവസായമേളയിലാണ് സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച ആലോചനകള്‍ക്കു വിത്തുപാകിയത്. 2005ല്‍ ധാരണാപത്രം ഒപ്പിട്ടു. കേരളത്തെ ഇന്ത്യയിലെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി 27ന് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രഖ്യാപിക്കുമെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Next Story

RELATED STORIES

Share it