കേരളവാഴ്‌സിറ്റി ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേട്: സിന്‍ഡിക്കേറ്റ് ഉപസമിതി

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേടെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച റൂസ ഫണ്ടില്‍നിന്ന് രണ്ടരക്കോടി രൂപ വിലയുള്ള ന്യൂക്ലിയര്‍ മാഗ്നറ്റിക് റിസൊണന്‍സ് സ്‌പെക്‌ട്രോമീറ്റര്‍ വാങ്ങുന്നതിന് ഉദ്യോഗസ്ഥരടങ്ങിയ സാങ്കേതിക പര്‍ച്ചേസ് സമിതി നടത്തിയ ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേടുണ്ടെന്നാണു സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയത്. അടിസ്ഥാനസൗകര്യ വികസനത്തിനുള്ള വിവിധ പദ്ധതികള്‍ക്കായാണു റൂസ ഫണ്ടിലൂടെ 20 കോടി രൂപ സര്‍വകലാശാലയ്ക്ക് അനുവദിച്ചത്.
രണ്ടരക്കോടി രൂപയുടെ ഉപകരണങ്ങള്‍ സ്ഥാപിച്ച ശേഷം കഴിഞ്ഞ സാമ്പത്തികവര്‍ഷം തന്നെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സര്‍ക്കാരിനു സമര്‍പ്പിക്കണമെന്നാണു ചട്ടം. ഉപകരണങ്ങള്‍ വാങ്ങുന്നതിനു വേണ്ടി സിന്‍ഡിക്കേറ്റിന്റെ അനുമതി ആവശ്യമുള്ളതുകൊണ്ട് വൈസ് ചാന്‍സലര്‍ ഇതു സംബന്ധിച്ച ഫയല്‍ സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചിരുന്നു. നടപടിക്രമങ്ങള്‍ നീളുന്നതിനാല്‍ ഈമാസം തന്നെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെങ്കില്‍ രണ്ടരക്കോടി രൂപ പലിശ സഹിതം തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
അനിശ്ചിതാവസ്ഥ തുടരുകയാണെങ്കില്‍ റൂസ ഫണ്ടിലൂടെ അനുവദിച്ച 20 കോടിരൂപ സംസ്ഥാനത്തെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മറ്റു സര്‍വകലാശാലകള്‍ക്കു വീതിച്ചുനല്‍കുമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ശ്രീനിവാസന്‍ ഉത്തരവിട്ടിരുന്നു.
ഇതെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് ചാമക്കാല ജ്യോതികുമാര്‍, ഡോ. കെ ഷാജി, ഡോ. റോസമ്മ ഫിലിപ്പ്, പ്രഫ. മോഹനകൃഷ്ണന്‍ എന്നിവരടങ്ങിയ ഉപസമിതിയെ വിഷയം പരിശോധിക്കാന്‍ ചുമതലപ്പെടുത്തി. ഈ സമിതിയുടെ പരിശോധനയിലാണ് ടെന്‍ഡര്‍ നടപടികളിലെ ക്രമക്കേടു കണ്ടെത്തിയത്. ഉപകരണങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച സര്‍വകലാശാല ചട്ടങ്ങള്‍ പൂര്‍ണമായും ലംഘിച്ചതായി സമിതി കണ്ടെത്തുകയായിരുന്നു. പിഴവുകള്‍ സംബന്ധിച്ച ഉപസമിതി റിപോര്‍ട്ട് ഇന്നലെ ചേര്‍ന്ന പ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തില്‍ സമര്‍പ്പിച്ചു. ക്രമവിരുദ്ധനടപടികളില്‍ സിന്‍ഡിക്കേറ്റ് വിയോജിപ്പു പ്രകടിപ്പിച്ചു. ഉപകരണം വാങ്ങുന്നതു റീടെന്‍ഡര്‍ ചെയ്യാനും അതിനുവേണ്ടി രണ്ടുമാസത്തെ സാവകാശം സര്‍ക്കാരിനോട് ആവശ്യപ്പെടാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it