കേരളമുള്‍പ്പെടെ തീരദേശ സംസ്ഥാനങ്ങള്‍ പിടിക്കാന്‍ ബിജെപി പദ്ധതി

ന്യൂഡല്‍ഹി: കേരളം മുതല്‍ രാജ്യത്തിന്റെ വടക്കു കിഴക്കു ഭാഗംവരെ നീളുന്ന തീരദേശ സംസ്ഥാനങ്ങള്‍ പിടിക്കാന്‍ ബിജെപി പദ്ധതി തയ്യാറാക്കുന്നു. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പിടിക്കാനാണ് ബിജെപി പദ്ധതി തയ്യാറാക്കുന്നത്. നിലവില്‍ ഇവിടെയെല്ലാം ഭരിക്കുന്നത് പ്രാദേശിക പാര്‍ട്ടികളാണ്. കേരളത്തില്‍ ഇടതുഭരണമാണ്. തമിഴ്‌നാട് എഐഎഡിഎംകെയും ആന്ധ്രയില്‍ ടിഡിപിയും ഒഡീഷ ബിജെഡിയും പശ്ചിമബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സുമാണ് ഭരിക്കുന്നത്. അരുണാചലില്‍ പിപിഎ ആണ് ഭരിക്കുന്നത്.
ബംഗാളിലൂടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് എത്താനാണ് ബിജെപി പദ്ധതിയെങ്കിലും അസം വിജയത്തിനു ശേഷം വടക്കുകിഴക്കന്‍ മേഖലയക്ക് നേരത്തെ തന്നെ ഒരു പദ്ധതി ബിജെപി തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ ഈ ആറു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കാര്യമായ വേരോട്ടമില്ല. ഈ മേഖലയിലെല്ലാം കൂടി 190 ലോക്‌സഭാ സീറ്റുകളാണുള്ളത്. മോദി തരംഗമുണ്ടായ 2014ല്‍ ഇവിടെ നിന്ന് ബിജെപി നേടിയത് 15 സീറ്റുകള്‍ മാത്രമാണ്. യുപിയില്‍ 80 സീറ്റുകളില്‍ 71 ലും ബിജെപിക്ക് വിജയിക്കാനായി. മധ്യപ്രദേശില്‍ 29ല്‍ 27 സീറ്റ് നേടി.
2019ല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളില്‍ കാര്യമായ വിജയമുണ്ടാക്കാനായില്ലെങ്കിലും തീരദേശ മേഖലാ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യമാണുള്ളതെന്ന് ബിജെപി നേതാക്കള്‍ വിശദീകരിക്കുന്നു. 12, 13 തിയ്യതികളില്‍ അലഹബാദില്‍ പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹകസമിതി യോഗം ചേരുന്നുണ്ട്. നിര്‍വാഹകസമിതിയില്‍ പദ്ധതി ചര്‍ച്ച ചെയ്യും. ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവിനായിരിക്കും പദ്ധതിയുടെ ചുമതല.
Next Story

RELATED STORIES

Share it