kozhikode local

കേരളപ്പിറവി ദിനത്തില്‍ ചങ്ങലയില്‍ ബന്ധിതനായി ക്ഷീരകര്‍ഷകന്റെ പ്രതിഷേധം



വടകര: ക്ഷീര കര്‍ഷകരുടെ അടിയന്തര പ്രധാന്യമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത സംസ്ഥാന സര്‍ക്കാറിനെതിരെ കേരള പിറവി ദിനത്തില്‍ ക്ഷീര കര്‍ഷകന്റെ സ്വയംബന്ധിതനായി നിന്നുള്ള പ്രതിഷേധം ജനശ്രദ്ധയാകര്‍ഷിച്ചു. ഒഞ്ചിയത്തെ ക്ഷീര കര്‍ഷകനായ ശിവശങ്കരനാണ് വടകര ഗാന്ധി പ്രതിമക്ക് സമീപം വ്യത്യസ്തമായ സമരവുമായി കേരള പിറവിയെ വരവേറ്റത്. കര്‍ഷകരില്‍ നിന്നും മാസാമാസം വിഹിതമെന്ന നിലക്ക് 20 രൂപ സംസ്ഥാന സര്‍ക്കാര്‍ ക്ഷീരകര്‍ഷകരില്‍ നിന്നും വാങ്ങുന്നുണ്ട്. എന്നാല്‍ ഇതുവരെ നല്‍കി വന്ന നാമ മാത്രമായ പെന്‍ഷന്‍ പോലും നിര്‍ത്തിവെക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പെന്‍ഷന്‍ നിര്‍ത്തലാക്കിയത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മാറിയെന്ന് ശിവശങ്കരന്‍ പറഞ്ഞു.സഹകരണ സംഘങ്ങള്‍ വലിയ തോതിലുള്ള വരുമാനം ലഭിക്കുമ്പോള്‍ കര്‍ഷകന് നാമമാത്രമായ സംഖ്യയാണ് ലഭിക്കുന്നത്. മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കുമ്പോള്‍ കാലിത്തീറ്റയുടെ വിലയും വര്‍ധിക്കുന്നു. ക്ഷീരകര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കുന്നതില്‍ സര്‍ക്കാര്‍ വലിയ അലംഭാവമാണ് കാണിക്കുന്നതെന്നും ശിവശങ്കരന്‍ പറയുന്നു.60 വയസ്സു കഴിഞ്ഞ എല്ലാ ക്ഷീര കര്‍ഷകര്‍ക്കും പെന്‍ഷന്‍ അനുവദിക്കുക, കാലിത്തീറ്റ വില വര്‍ധനവ് സര്‍ക്കാര്‍ നിയന്ത്രിക്കുക, ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, പശുവിന് നികുതി ചുമത്താനുള്ള നീക്കത്തില്‍ നിന്ന് പിന്മാറുക, ക്ഷീര കര്‍ഷക പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തന്റെ സമരമെന്നും തന്റെ സമരത്തിന് രാഷ്ട്രീയമില്ലെന്നും ശിവശങ്കരന്‍ പറഞ്ഞു. സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് ഗാന്ധിയന്‍ കണ്യത്ത് കുമാരന്‍ മാസ്റ്റര്‍, വി രാഘവന്‍ മാസ്റ്റര്‍, എം ബാലകൃഷ്ണന്‍, എവി ഗണേശന്‍, എംഎം രാജീവന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it