കേരളത്തോടുള്ള അവഹേളനം: മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിനു ക്ഷണിച്ചശേഷം തന്നെ ഒഴിവാക്കിയത് കേരളത്തോടുള്ള അവഹേളനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം ഭാഗ്യമായി കണ്ടിരുന്നു. ക്ഷണിച്ചവര്‍ തന്നെ വരേണ്ടെന്നു പറഞ്ഞപ്പോള്‍ ദുഃഖം തോന്നി. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചശേഷം പിന്നീട് പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും വേദനിപ്പിക്കുന്ന അനുഭവമാണ്. ഇത് കേരളത്തോടുള്ള അവഹേളനമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുമ്പോള്‍ ആദ്യത്തെ പൊതുപരിപാടി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവുകൂടിയായ മുന്‍ മുഖ്യമന്ത്രിയുടെ പ്രതിമാ അനാച്ഛാദന പരിപാടി എന്ന നിലയിലും പ്രോട്ടോകോള്‍ വ്യവസ്ഥകളും സാമാന്യമര്യാദയും അനുസരിച്ച് മുഖ്യമന്ത്രി പങ്കെടുക്കേണ്ടതാണ്. ഇതു ബിജെപിയുടെ പാര്‍ട്ടി പരിപാടിയാണെങ്കില്‍ ആര്‍ക്കും പരാതിയുണ്ടാവില്ല. ജീവിതത്തില്‍ ഒരുനിമിഷംപോലും ജനസംഘത്തിന്റെ നയങ്ങളോടും ആശയത്തോടും തത്ത്വസംഹിതയോടും യോജിക്കാത്ത നേതാവായിരുന്നു ആര്‍ ശങ്കര്‍.
എസ്എന്‍ഡിപി യോഗത്തെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും പോഷകസംഘടനയാക്കാന്‍ ശ്രമിച്ചാല്‍ ശ്രീനാരായണീയരും കേരളീയരും അത് അംഗീകരിക്കുമോ? അത്തരത്തിലുള്ള നീക്കമുണ്ടെന്ന ഒരു സംശയം ഉയര്‍ന്നപ്പോള്‍ കക്ഷിരാഷ്ട്രീയ സാമുദായിക വ്യത്യാസമില്ലാതെ കേരളം ഒറ്റക്കെട്ടായി നിലകൊണ്ടത് വര്‍ഗീയശക്തികള്‍ക്കു മുന്നറിയിപ്പാണ്.
എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന രീതിയില്‍ പ്രതിമാ അനാച്ഛാദനം നടത്തുന്നതായിരുന്നു അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരവ്. അദ്ദേഹത്തിന്റെ ഓര്‍മകളെപ്പോലും അധിക്ഷേപിക്കുന്ന നടപടികള്‍ക്കെതിരേ ഒറ്റക്കെട്ടായി പ്രതികരിച്ച മതേതര കേരളത്തിന്റെ മഹത്ത്വത്തെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ് അവസാനിക്കുന്നത്.
Next Story

RELATED STORIES

Share it