കേരളത്തെ സഹായിക്കാന്‍ മഹാരാഷ്ട്രയില്‍ നിന്ന്...

കൊച്ചി: പ്രളയം തകര്‍ത്ത വീടുകള്‍ ശുചീകരിക്കാന്‍ സേവനസന്നദ്ധരായി മഹാരാഷ്ട്രയിലെ ഒരുകൂട്ടം വിദ്യാര്‍ഥികളും അധ്യാപകരും. കേരളം പ്രളയത്തില്‍ എന്ന വാര്‍ത്ത കേട്ടയുടനെ ഇവിടേക്ക് സന്നദ്ധസേവനത്തിനായി എത്തിയതാണ് മഹാരാഷ്ട്രയിലെ യവദ്മാള്‍ ജില്ലയിലെ മഹാത്മാ ജ്യോതിറാവു ഫൂലെ കോളജിലെയും സാവിത്രി ജ്യോതിറാവു കോളജിലെയും സാമൂഹിക സേവന വിഭാഗം വിദ്യാര്‍ഥികളും അധ്യാപകരും. രണ്ടു കോളജുകളില്‍ നിന്നുള്ള 100 അംഗ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. വയനാട്, ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് ഇവര്‍ കഴിഞ്ഞ മാസം 24 മുതല്‍ സേവനരംഗത്തുള്ളത്. തങ്ങളുടെ കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്നത് കായികമായ അധ്വാനമാണെന്നും കേരളത്തിലുള്ളവര്‍ തങ്ങള്‍ക്ക് അന്യരല്ല, സഹോദരങ്ങളാണെന്നും അധ്യാപകര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ സാമൂഹിക സേവനം പുസ്തകങ്ങളില്‍ മാത്രം പഠിച്ചാല്‍ പോരെന്നാണ് അധ്യാപകരുടെ നിലപാട്. കേരളത്തില്‍ മാത്രമല്ല, രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ പ്രകൃതിദുരന്തം ഉണ്ടായപ്പോഴെല്ലാം സഹായത്തിനായി ഓടിയെത്തിയ പാരമ്പര്യമുള്ള സ്ഥാപനങ്ങളാണ് മേല്‍പ്പറഞ്ഞ രണ്ടു കോളജുകളും. ഭൂകമ്പം ദുരന്തം വിതച്ച ഗുജറാത്തിലെ കച്ചിലും സുനാമി നാശം വിതച്ച തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലും ചുഴലിക്കാറ്റ് നാശം വിതച്ച ആന്ധ്രയുടെ തീരങ്ങളിലുമെല്ലാം സഹായമെത്തിച്ചവരാണ് ഈ കോളജുകള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവരില്‍ ഭൂരിഭാഗവും. സംഘത്തിലെ 50 ശതമാനം പേര്‍ ആദ്യമായാണ് സംസ്ഥാനത്തിനു പുറത്ത് പോകുന്നത്. 80 ശതമാനം പേരും ആദ്യമായി കേരളത്തിലെത്തിയവരും. ഓരോ ദിവസത്തെ സേവനത്തിനു ശേഷവും കുട്ടികള്‍ ആ ദിവസത്തെ അനുഭവങ്ങള്‍ തങ്ങളുടെ ഡയറികളില്‍ കുറിക്കുന്നു. സേവനരംഗത്തു നിന്നുള്ള വ്യത്യസ്തവും വിപുലവുമായ വിവരങ്ങളും കണക്കുകളും എല്ലാ കുട്ടികളില്‍ നിന്നുമായി ഇവര്‍ സമാഹരിക്കുകയും ചെയ്യുന്നു. വിവിധ സംസ്ഥാനങ്ങളില്‍ സേവനം നല്‍കിയിട്ടുള്ള കോളജിലെ അധ്യാപകര്‍ ഇവിടത്തെ ദുരിതാശ്വാസ പ്രവര്‍ത്തനരംഗം വേറിട്ടതും മികച്ചതുമാണെന്നും സാക്ഷ്യപ്പെടുത്തുന്നു. പ്രധാനമായും ഇവര്‍ ചൂണ്ടിക്കാട്ടുന്നത് കേരളത്തിലെ ജനങ്ങളുടെ ഒരുമയും സഹകരണവുമാണ്. മതത്തിനും ജാതിക്കും അതീതമായി കേരളീയര്‍ ദുരന്തമുഖത്ത് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നത് മാതൃകാപരമാണെന്ന് ഇവര്‍ പറയുന്നു. യവദ്മാള്‍ ജില്ലാ കലക്ടറുടെ കത്തുമായി എത്തിയ സംഘം ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ മാസം 10 വരെ സേവനരംഗത്ത് തുടരാനാണ് ഇവരുടെ തീരുമാനം. കൂടുതല്‍ സേവനം ആവശ്യമാണെങ്കില്‍ ഇവിടെ തുടരുമെന്നും അധ്യാപകനായ പ്രഫ. രതന്‍ദിപ് ഗാംഗലെ വ്യക്തമാക്കി. റിസര്‍വേഷന്‍ ഇല്ലാതെയാണ് തങ്ങള്‍ തീവണ്ടിമാര്‍ഗം ഇവിടെ എത്തിയത്. തിരിച്ചും അങ്ങനെത്തന്നെ പോകും. സേവനരംഗത്തു തന്നെയാണ് തങ്ങളുടെ ശ്രദ്ധ. യാത്രാ-താമസസൗകര്യങ്ങളൊന്നും അതിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Next Story

RELATED STORIES

Share it