കേരളത്തെ രാജ്യത്തിന്റെ കായികതലസ്ഥാനമാക്കും: മന്ത്രി ഇ പി ജയരാജന്‍

കണ്ണൂര്‍: രാജ്യത്തിന്റെ കായികതലസ്ഥാനമായി കേരളത്തെ മാറ്റണം. അതിനുള്ള പ്രവര്‍ത്തനമാണ് നടപ്പിലാക്കുകയെന്ന് വ്യാവസായ-കായികവകുപ്പ് മന്ത്രി ഇ പി ജയരാജന്‍. മന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം സംസ്ഥാനത്തെ കായികരംഗത്തെ കുറിച്ച് ചെറിയൊരു പഠനം നടത്താന്‍ കഴിഞ്ഞു. അനന്തമായ സാധ്യതകളാണ് കായികരംഗത്ത് സംസ്ഥാനത്തിനുള്ളതെന്നും മന്ത്രി പറഞ്ഞു. പ്രസ്‌ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കായികരംഗത്ത് പ്രതിഭ തെളിയിക്കുന്നവര്‍ ഒരു കാലഘട്ടം കഴിഞ്ഞാല്‍ പിന്നെ കളം വിടുന്നതാണ് കാണുന്നത്. കാരണം അവര്‍ക്ക് കായികമേഖലയില്‍ നിന്നുള്ള വരുമാനം കൊണ്ടുമാത്രം ജീവിക്കാന്‍ കഴിയുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹാരം കാണും. കൂടുതല്‍ കായിക പരിശീലകരെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കും. കായിക പ്രതിഭകള്‍ക്ക് വേണ്ട അംഗീകാരം കിട്ടുന്നില്ലെന്ന പരാതിയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട കായിക പരിശീലനം ലഭിക്കാനുള്ള സന്ദര്‍ഭമുണ്ടാവണം. ഇതിനായി വിദ്യാഭ്യാസവകുപ്പുമായി യോജിച്ച് പ്രവര്‍ത്തിക്കും. ഇതിലൂടെ ജീവിതശൈലി രോഗങ്ങളെ തടയാന്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കാന്‍ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഗുണകരമാവുന്നതും പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതുമായ ഏതു വ്യവസായ സംരംഭത്തെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യും. അത് ഏതു കുത്തകയായലും അവര്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് ഗുണകരമാവുമോയെന്ന് പരിശോധിച്ച് നടപടിയെടുക്കുമന്ന് ബഹുരാഷ്ട്ര കുത്തകളെ സ്വീകരിക്കുമോയെന്ന ചോദ്യത്തിനുത്തരമായി ഇപി പറഞ്ഞു.
Next Story

RELATED STORIES

Share it