കേരളത്തെ പൂര്‍ണമായും അവഗണിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ പൂര്‍ണമായി അവഗണിച്ചുള്ള കേന്ദ്രബജറ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിഷേധിച്ചു. സംസ്ഥാനത്തെ കാര്‍ഷിക മേഖല പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോള്‍ ഏറെ പ്രതീക്ഷയോടെ കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നു. വിലത്തകര്‍ച്ച നേരിടുന്ന റബര്‍ കര്‍ഷകര്‍ക്ക് 1000 കോടി രൂപ വകയിരുത്തുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. റബര്‍ ബോര്‍ഡിന്റെ ബജറ്റ് വിഹിതം കുറയ്ക്കുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിന്മേല്‍ എയിംസിനായി ഭൂമി കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുമെന്ന വാഗ്ദാനവും പാഴ്‌വാക്കായി. ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധിമൂലം മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങ് ആവശ്യമാണെങ്കിലും അതുമുണ്ടായില്ല.
വയനാട്ടിലെ ആദിവാസികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിവിധ കേന്ദ്രപദ്ധതികള്‍ക്കുമുള്ള ബജറ്റ് വിഹിതത്തില്‍ ഗണ്യമായ കുറവാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it