കേരളത്തില്‍ 21 വരെ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു. തിരമാലകള്‍ 2 മുതല്‍ 2.9 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ ജാഗ്രതപാലിക്കണമെന്നു ദുരന്തനിവാരണസേന മുന്നറിയിപ്പുനല്‍കി. അടിയന്തര സാഹചര്യമുണ്ടായാല്‍ ഊര്‍ജിത ഇടപെടലിന് തീരദേശ പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
21 വരെ കേരളത്തില്‍ വ്യാപകമായി കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലായി ഇതുവരെ 450ഓളം വീടുകളാണു കടല്‍ക്ഷോഭത്തില്‍ തകര്‍ന്നത്. ഇരുജില്ലകളിലും 1.40 കോടിയുടെ നാശനഷ്ടമുണ്ടായതായാണു പ്രാഥമിക വിലയിരുത്തല്‍. തിരുവനന്തപുരം ജില്ലയില്‍ 36.32 ലക്ഷത്തിന്റെ നഷ്ടം കെഎസ്ഇബിക്ക് ഉണ്ടായി.
തിരുവനന്തപുരം ജില്ലയിലെ കൊച്ചുതുറ, വലിയതുറ എന്നിവിടങ്ങളില്‍ പുതുതായി രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍കൂടി തുറന്നു. മൂന്ന് വില്ലേജുകളില്‍ നിന്നായി 893 പേരെ ഇവിടേക്കു മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ആലപ്പുഴയിലെ അമ്പലപ്പുഴ താലൂക്കില്‍ രണ്ട് ക്യാംപുകളിലായി 20 കുടുംബങ്ങളിലെ 83 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.
തമിഴ്‌നാട് തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മഴ ശക്തമാവാന്‍ കാരണം. 24 മണിക്കൂറിനുള്ളില്‍ കേരള തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെയാവാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it