കേരളത്തില്‍ 12 മണ്ഡലങ്ങളില്‍ വോട്ട് സ്ഥിരീകരണയന്ത്രം

തിരുവനന്തപുരം: വോട്ട് ചെയ്താലുടന്‍ ഏതു സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തിയെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വോട്ടര്‍മാര്‍ക്ക് നേരിട്ടു കാണാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യമൊരുക്കുന്നു. കേരളത്തിലെ 10 ജില്ലകളിലെ 12 മണ്ഡലങ്ങളിലാണ് ഇത്തവണ വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപിഎടി-വോട്ട് സ്ഥിരീകരണയന്ത്രം) നടപ്പാക്കുന്നത്.
ഈ മണ്ഡലങ്ങളിലെ ആകെ 1,650 പോളിങ് സ്‌റ്റേഷനുകളിലേക്കായി 2,065 വിവി പാറ്റ് യൂനിറ്റുകള്‍ എത്തിക്കും. വട്ടിയൂര്‍ക്കാവ്-141, നേമം-148, കൊല്ലം-154, ആലപ്പുഴ-153, കോട്ടയം-158, എറണാകുളം-122, തൃക്കാക്കര-147, തൃശൂര്‍-149, പാലക്കാട്-140, മലപ്പുറം-154, കോഴിക്കോട് നോര്‍ത്ത്-142, കണ്ണൂര്‍(നഗരം)-42 എന്നിവിടങ്ങളിലാണ് നടപ്പാക്കുക.
ഒമ്പതിനാണ് യന്ത്രത്തിന്റെ ആദ്യ പരിശീലനം. കണ്‍ട്രോള്‍ യൂനിറ്റിനും ബാലറ്റ് യൂനിറ്റിനും സമീപമാണ് വിവിപിഎടി മെഷീന്‍ സ്ഥാപിക്കുക. വോട്ട് ചെയ്തുകഴിഞ്ഞാല്‍ അടുത്ത സെക്കന്‍ഡില്‍ തന്നെ വിവിപിഎടി മെഷീന്‍ വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം, ക്രമനമ്പര്‍ എന്നിവ പ്രിന്റ് ചെയ്ത് സ്ലിപ്പ് പുറത്തേക്കു നീക്കും. വോട്ട് ചെയ്തയാളുടെ വിശദാംശങ്ങള്‍ ഈ പേപ്പറിലുണ്ടാവില്ല. ഏഴു സെക്കന്‍ഡ് നേരം സ്ലിപ്പ് പരിശോധിക്കാന്‍ സമയം ലഭിക്കും.
എട്ടാം സെക്കന്‍ഡില്‍ മെഷീന്‍ തന്നെ സ്ലിപ്പ് മുറിച്ച് ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കും. കൗണ്ടര്‍ വിട്ടുപോവുന്നതിനു മുമ്പുതന്നെ വോട്ടര്‍ക്ക് താനുദേശിച്ച സ്ഥാനാര്‍ഥിക്കാണ് വോട്ട് ലഭിച്ചതെന്ന് ഇതുവഴി മനസ്സിലാക്കാന്‍ കഴിയും. വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ വോട്ടിങ് യന്ത്രത്തോടൊപ്പം ഈ സ്ലിപ്പുകള്‍ അടങ്ങിയ ബാലറ്റ് പെട്ടിയും സീല്‍ ചെയ്ത് സൂക്ഷിക്കാനാണു തീരുമാനം. വോട്ടിങ് യന്ത്രം സംബന്ധിച്ച് പരാതികളുയര്‍ന്നാല്‍ കമ്മീഷന്റെ തീരുമാനപ്രകാരം ബാലറ്റ് പെട്ടിയില്‍നിന്ന് സ്ലിപ്പുകള്‍ പുറത്തെടുത്ത് എണ്ണി വിജയിയെ സ്ഥിരീകരിക്കാമെന്നതാണ് സംവിധാനത്തിന്റെ മെച്ചം.
ഇലക്ട്രോണിക് വോട്ടിങ് സംബന്ധിച്ച് വ്യാപക ആക്ഷേപങ്ങളും കോടതിവ്യവഹാരങ്ങളും ഉണ്ടായ സാഹചര്യത്തിലാണു വിവി പാറ്റ് സംവിധാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം വിവി പാറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് 2013 ഒക്ടോബര്‍ എട്ടിന് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.
Next Story

RELATED STORIES

Share it