കേരളത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് കരിമണല്‍ ഖനനത്തിന് അനുമതി

കേരളത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക്  കരിമണല്‍ ഖനനത്തിന് അനുമതി
X
black-sand

ന്യൂഡല്‍ഹി: കേരളതീരത്ത് കരിമണല്‍ ഖനനം നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് സുപ്രിംകോടതി അനുമതി. ഖനനത്തില്‍ സ്വകാര്യമേഖലയെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നയം നിലനില്‍ക്കില്ലെന്ന് ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂറും ജസ്റ്റിസ് ഗോപാല്‍ ഗൗഡയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
അതു കേന്ദ്ര നയത്തിനുമേലുള്ള കടന്നുകയറ്റമാണ്. പൊതുമേഖലയ്ക്കും സ്വകാര്യ കമ്പനികള്‍ക്കും കരിമണല്‍ ഖനനം നടത്താം. സര്‍ക്കാരിനു മാത്രമായി ചുരുക്കുമ്പോള്‍ ഖനനമേഖല ഏറ്റെടുത്ത് അതിര്‍ത്തിതിരിച്ച് വിജ്ഞാപനമിറക്കണമായിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. അതിന് അവര്‍ക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു.
എന്നാല്‍, ഖനനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍നയങ്ങളില്‍ കോടതി ഇടപെടുന്നതു ശരിയല്ലെന്നു ചൂണ്ടിക്കാട്ടി ബെഞ്ചിലെ മൂന്നാമത്തെ ജഡ്ജിയായ ജസ്റ്റിസ് ഭാനുമതി വിധിയോടു വിയോജിപ്പു രേഖപ്പെടുത്തി. അനുമതി നല്‍കുന്നത് സംസ്ഥാന സര്‍ക്കാരുകളുടെ നയപരമായ തീരുമാനമാണെന്ന് ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി. സ്വകാര്യ കമ്പനികള്‍ക്ക് കരിമണല്‍ ഖനനം നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതിരേ കൊച്ചി മിനറല്‍സ് ആന്റ് റൂട്ടൈല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത നല്‍കിയ ഹരജിയിലാണു വിധി.
കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ നയപ്രകാരം പൊതുമേഖലാ കമ്പനികള്‍ക്കെന്നപോലെ സ്വകാര്യ കമ്പനികള്‍ക്കും ഖനനത്തിന് അവകാശമുണ്ടെന്ന് നേരത്തേ കോടതി വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നയങ്ങള്‍ പരിശോധിക്കുമ്പോള്‍ കേന്ദ്രനയത്തിനാണു നിലനില്‍പ്പ്.
സംസ്ഥാന സര്‍ക്കാരിന് മാത്രമായി ഖനനം പരിമിതപ്പെടുത്തണമെന്നുണ്ടെങ്കില്‍ ധാതുഖനി നിയമത്തിലെ 17ാം വകുപ്പുപ്രകാരം ഖനനമേഖലയുടെ അതിര്‍ത്തികള്‍ വേര്‍തിരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണം. എന്നാല്‍, അത് കേന്ദ്രസര്‍ക്കാരുമായി ആലോചിച്ചശേഷമാണു ചെയ്യേണ്ടതെന്നു വ്യക്തമാക്കിയ ചീഫ്ജസ്റ്റിസ്, 1991ലെയും 1998ലെയും ഖനന നയത്തില്‍ സ്വകാര്യമേഖലയെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി.
ആലപ്പുഴയിലെ ആറാട്ടുപുഴയില്‍ സ്വകാര്യ കമ്പനികള്‍ക്കു ഖനനം നടത്താന്‍ 2006ല്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇതിനെതിരേ ജനകീയ പ്രതിഷേധം ഉയര്‍ന്നതോടെ അനുമതി റദ്ദാക്കി. തുടര്‍ന്ന് ശശിധരന്‍ കര്‍ത്ത ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഖനനാനുമതി പിന്‍വലിച്ച ഉത്തരവ് റദ്ദാക്കി. ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it