കേരളത്തില്‍ വിരളമായി കാണാറുള്ള കാളിക്കാടയെ കണ്ടെത്തി

പൊന്നാനി: കേരളത്തില്‍ വിരളമായി കാണാറുള്ള കാട വര്‍ഗത്തില്‍പ്പെട്ട കാളിക്കാട (ഗ്രെയിറ്റര്‍ പെയിന്റഡ് സ്‌നൈപ്പ്) എന്ന പക്ഷിയെ ഇത്തവണ കോള്‍നിലങ്ങളില്‍പ്പെട്ട കൊരട്ടി പ്രദേശത്ത് പക്ഷിനിരീക്ഷകര്‍ കണ്ടെത്തി. മുണ്ടകന്‍ കൃഷിക്കു വേണ്ടി നിലമൊരുക്കുന്നതിനിടെയാണു നാലു കിളിമുട്ടകള്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് കേരളത്തില്‍ വിരളമായി കാണാറുള്ള കാളിക്കാടയാണിതെന്നു സ്ഥിരീകരിച്ചത്.
മറ്റു പക്ഷികള്‍ ഇവയുടെ കൂടിന്റെ അടുത്തെത്തുമ്പോള്‍ സ്വയംരക്ഷയ്്ക്കായി പ്രത്യേക രീതിയില്‍ ശബ്ദം പുറപ്പെടുവിച്ചു കാളിയുടെ കിരീടം പോലെ ചിറകുവിരിച്ചു നില്‍ക്കുകയാണ് ഈ പക്ഷികള്‍ ചെയ്യുകയെന്നു പക്ഷിനിരീക്ഷകര്‍ പറയുന്നു. ആണ്‍വര്‍ഗത്തില്‍പ്പെട്ട പക്ഷിയാണ് അടയിരിക്കുകയെന്നതാണ് ഇവയുടെ പ്രത്യേകതയെന്ന് ഇവയെക്കുറിച്ചു പഠനം നടത്തിയ സി കെ വിഷ്ണുദാസിന്റെയും എന്‍ വി കൃഷ്ണന്റെയും റിപോര്‍ട്ടുകളില്‍ പറയുന്നു. നിറം കൊണ്ടും പ്രത്യേകതകള്‍ കൊണ്ടും എളുപ്പം തിരിച്ചറിയാന്‍ സാധിക്കില്ലെന്നു പക്ഷിനിരീക്ഷകനായ ലതീഷ് ആര്‍ നാഥ് പറയുന്നു.
പാടശേഖരങ്ങളിലും ചതുപ്പുനിലങ്ങളിലും ജോഡികളോ, ചെറുകൂട്ടങ്ങളോ ആയാണ് ഇവയെ കാണാറുള്ളത്. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ ഏപ്രില്‍ മുതല്‍ മെയ് വരെയും വടക്കന്‍ ജില്ലകളില്‍ ആഗസ്ത് മുതല്‍ നവംബര്‍ വരെയുമാണ് ഇവയുടെ പ്രജനനം. പ്രാദേശിക ദേശാടനം നടത്തുന്ന പക്ഷികളുടെ കൂട്ടത്തില്‍പ്പെട്ടതാണു കാളിക്കാടകള്‍. പ്രളയം ഇവയുടെ പ്രജനനത്തെ ദോഷകരമായി ബാധിച്ചതായി നിരീക്ഷകര്‍ പറയുന്നു. സന്ധ്യമയങ്ങുന്നതോടെയാണ് ഇവ പുറത്തിറങ്ങുക.
വയലുകളിലും ചതുപ്പുകളിലും പുല്ലുകള്‍ക്കും ചെടികള്‍ക്കുമിടയിലാണു വാസം. ആണ്‍പക്ഷികള്‍ പെണ്ണിനേക്കാള്‍ ചെറുതാണ്.

Next Story

RELATED STORIES

Share it