kasaragod local

കേരളത്തില്‍ ലീഗ്-സിപിഎം അവിശുദ്ധ കൂട്ടുകെട്ട്: വി മുരളീധരന്‍

കാസര്‍കോട്: കേരളത്തില്‍ മുസ്‌ലിംലീഗും സിപിഎമ്മും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളധീരന്‍ പറഞ്ഞു. പ്രസ്‌ക്ലബ്ബിന്റെ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് നഗരസഭ ലീഗിന് സ്വന്തമായി ലഭിക്കുന്നതിനു വേണ്ടിയാണ് ആന്തൂര്‍ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്താത്തത്. തളിപ്പറമ്പ് നഗരസഭയുടെ ഭാഗമായ ആന്തൂര്‍ വിഭജിച്ചതുപോലും ഈ അഡ്ജസ്റ്റ്‌മെന്റിന്റെ ഭാഗമാണ്. സിപിഎമ്മിന് ഇക്കാലയളവില്‍ വലിയ ചോര്‍ച്ച സംഭവിച്ചതിനാല്‍ ലീഗിനെ കൂടെക്കൂട്ടി നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണവര്‍.
കേരളത്തിലെ വോട്ട് ബാങ്കുകളായ സമുദായങ്ങളെക്കുറിച്ച് മാത്രമേ എല്‍ഡിഎഫും യുഡിഎഫും ചിന്തിക്കുന്നുള്ളു. അതുകൊണ്ടാണ് എസ്എന്‍ഡിപി പോലുള്ള സമുദായസംഘടനകള്‍ മൂന്നാം മുന്നണി രൂപീകരിക്കാന്‍ തയ്യാറായത്. വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കിക്കൊണ്ട് ലീഗാണ് ഭരണം നടത്തുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ ഉപമുഖ്യമന്ത്രിയോ അതിനു മുകളിലുള്ള സ്ഥാനമോ ലക്ഷ്യമിട്ടാണ് ലീഗിന്റെ നീക്കങ്ങള്‍.
ഡല്‍ഹി കേരള ഹൗസിലെ സംഭവം കെട്ടിച്ചമച്ചതാണ്. അവിടുത്തെ ഭക്ഷണ മെനുവിന്റെ ഫോട്ടോയെടുക്കാന്‍ എത്തിയവരെ തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.
മോദി സര്‍ക്കാരിനെ തരംതാഴ്ത്തുന്നതിനുവേണ്ടി ആസൂത്രിതമായി ഉണ്ടാക്കിയ നാടകമാണ് കേരളഹൗസില്‍ അരങ്ങേറിയത്. ഓരോ പ്രദേശത്തിനും അതിന്റേതായ ഭക്ഷണരീതികളുണ്ട്. അതിനാല്‍തന്നെ കേരളത്തില്‍ ഗോവധ നിരോധനം ആവശ്യപ്പെട്ട് ബിജെപി പ്രചാരണം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it