കേരളത്തില്‍ മോഷ്ടാക്കള്‍ കവര്‍ന്നത്  141.93 കോടിയുടെ വസ്തുക്കള്‍

കോഴിക്കോട്: കേരളത്തില്‍ 2014ല്‍ മോഷ്ടാക്കള്‍ കവര്‍ന്നത് 141.93 കോടി രൂപയുടെ വസ്തുക്കളെന്ന് ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി)യുടെ റിപോര്‍ട്ട്. പോലിസിന് തിരികെപ്പിടിക്കാനായത് ഇതില്‍ 15.1 ശതമാനം മാത്രവും. അതായത് 21.4 കോടിയുടെ വസ്തുക്കള്‍. രാജ്യത്ത് മൊത്തം 7514.82 കോടി രൂപ മൂല്യം വരുന്ന വസ്തുക്കളാണ് 2014ല്‍ കള്ളന്‍മാര്‍ കൊണ്ടുപോയത്. ഇതില്‍ 1575. 52 കോടി രൂപയുടെ വസ്തുക്കള്‍ മാത്രമാണ് തിരികെപ്പിടിക്കാനായത്. തിരിച്ചുപിടിക്കലിന്റെ ദേശീയ ശരാശരി 21 ശതമാനമാണ്.
2013മായി താരതമ്യം ചെയ്യുമ്പോള്‍ 2014 ല്‍ മോഷണമൂല്യത്തില്‍ 56.8 ശതമാനത്തിന്റെ കുറവുണ്ടായതായി എന്‍സിആര്‍ബി റിപോര്‍ട്ട് നിരീക്ഷിക്കുന്നു. എന്നാല്‍, തിരികെപ്പിടിക്കുന്നതും 10.6 ശതമാനം കുറഞ്ഞു. 2014ല്‍ ഏറ്റവും കൂടുതല്‍ മോഷണം നടന്നതു മഹാരാഷ്ട്രയിലാണ്. 2944.12 കോടി രൂപയുടെ വസ്തുക്കളാണ് മോഷണം പോയത്. 736.89 കോടിയുമായി പശ്ചിമബംഗാളാണു രണ്ടാമത്. 658.63 കോടിയുമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയാണു മൂന്നാമത്. കേരളത്തിന് 13ാം സ്ഥാനമാണുള്ളത്. ലക്ഷദ്വീപിന് 6.7 ലക്ഷം രൂപയുടെ വസ്തുക്കള്‍ മാത്രമാണു നഷ്ടമായത്. തിരിച്ചുപിടിക്കലിലെ ദേശീയ ശരാശരി 21 ശതമാനമാണെങ്കിലും തമിഴ്‌നാട്ടില്‍ ഇത് 66 ശതമാനവും പുതുച്ചേരിയില്‍ 62.1 ശതമാനവും തെലങ്കാനയില്‍ 59.1 ശതമാനവും രാജസ്ഥാനില്‍ 53.8 ശതമാനവും ജമ്മുകശ്മീരില്‍ 47 ശതമാനവും ഡല്‍ഹിയില്‍ 5.2 ശതമാനവുമാണ്. ഡല്‍ഹിയാണ് ഏറ്റവും പിറകില്‍.
2014ല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,12,714 ഭവനഭേദനം നടന്നതായി റിപോര്‍ട്ട് പറയുന്നു. 381.47 കോടി രൂപ വിലവരുന്ന വസ്തുക്കള്‍ പിടിച്ചുപറിക്കപ്പെട്ടു. ഇതിന്റെ 38 ശതമാനം അഥവാ 145.03 കോടി രൂപയുടെ വസ്തുക്കള്‍ തിരികെ പിടിച്ചെടുത്തു. 12,034 പേരുടെ മാല പൊട്ടിച്ചു. നഷ്ടപ്പെട്ട മാലകള്‍ക്ക് 73.88 കോടി രൂപ വിലവരും. ഇതില്‍ 5115 മാല അഥവാ 25.15 കോടി രൂപയുടെ മാല തിരികെപ്പിടിച്ചു. 1201.41 കോടിയുടെ മോട്ടോര്‍ വാഹനങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. 1,52,931 ബൈക്കുകള്‍ മോഷണം പോയി. 32,033 ബൈക്കുകള്‍ മാത്രമാണു തിരികെപ്പിടിക്കാനായത്. 15,929 കാറുകളും മറ്റു വാഹനങ്ങളും മോഷണം പോയപ്പോള്‍ 2658 എണ്ണം മാത്രമാണു തിരികെപ്പിടിക്കാനായത്.
37,878 മൊബൈല്‍ ഫോണുകളും 10,560 ലാപ്‌ടോപ്പുകളും കവര്‍ന്നു. 8474 കന്നുകാലികളെ കൊണ്ടുപോയപ്പോള്‍ 3922 എണ്ണം തിരികെപ്പിടിച്ചു. മോഷണം പോയ 4806 സൈക്കിളുകളില്‍ 1577 എണ്ണം തിരികെപ്പിടിച്ചു. 559 ആഡംബര കാറുകളില്‍ 134 എണ്ണവും 355 തോക്കുകളില്‍ 111 എണ്ണവും മാത്രമാണ് പോലിസിന് തിരികെപ്പിടിക്കാനായതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it