Flash News

കേരളത്തില്‍ മുസ്‌ലിം വിരുദ്ധത പടര്‍ത്താന്‍ ബിജെപി ശ്രമ : സിപിഎം



തിരുവനന്തപുരം: ലൗജിഹാദിന്റെ പേരു പറഞ്ഞ് കേരളത്തില്‍ മുസ്‌ലിം വിരുദ്ധത പടര്‍ത്താനാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശ്രമമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹിന്ദു-മുസ്‌ലിം വിവാഹം അരുതാത്ത പാപമാണെങ്കില്‍ അതിലേര്‍പ്പെട്ട ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുമോയെന്ന് കോടിയേരി ചോദിച്ചു. ലൗജിഹാദിന്റെ വിളനിലമാണ് കേരളം എന്ന അഭിപ്രായത്തിലൂടെ ആദിത്യനാഥ് പ്രചരിപ്പിക്കുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെ ഭീകരവാദത്തിന് ആളെ ചേര്‍ക്കുന്നവരാണ് മുസ്‌ലിംകളെന്നു വരുത്തുകയാണ്. ഒരു സമുദായത്തെയാകെ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തുന്നത് ഹീനകൃത്യമാണ്. വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന അശോക് സിംഗാളിന്റെ മകളെ വിവാഹം കഴിച്ച മുഖ്താര്‍ അബ്ബാസ് നഖ്‌വി കേന്ദ്രമന്ത്രിയായ ബിജെപി നേതാവാണ്. മുന്‍ കേന്ദ്രമന്ത്രി ഷാനവാസ് ഹുസയ്ന്‍ വിവാഹം ചെയ്തത് മുരളി മനോഹര്‍ ജോഷിയുടെ മകള്‍ രേണുവിനെയാണ്. സുബ്രഹ്മണ്യന്‍ സ്വാമിയുടെ മകള്‍ സുഹാസിനി വിവാഹം കഴിച്ചത് നദീം ഹൈദറിനെയാണ്. ഇത്തരം വിവാഹങ്ങളെല്ലാം ലൗജിഹാദാണോ എന്ന് ആദിത്യനാഥ് വിശദീകരിച്ചാല്‍ നന്ന്. യുപിയുടെ പേരില്‍ കേമത്തം നടിക്കുന്ന യോഗി ആദ്യത്യനാഥ്  സ്വപ്‌നലോകത്താണ് ജീവിക്കുന്നതെന്നു തോന്നുന്നു. അതുകൊണ്ടാണ് ആരോഗ്യരംഗത്ത് കേരളം പിന്നിലാണെന്ന വിവരക്കേട് വിളമ്പിയത്. ഇന്ത്യയില്‍ ശിശുമരണനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ആയിരത്തിന് 50 എന്നാണ് അവിടെ കണക്ക്. പ്രസവത്തെ തുടര്‍ന്ന് സ്ത്രീകള്‍ മരിക്കുന്നത് കേരളവുമായി താരതമ്യപ്പെടുത്തിയാല്‍ അഞ്ചു മടങ്ങ് മോശമാണ് യുപി. ഒരു ലക്ഷം പ്രസവങ്ങള്‍ നടക്കുമ്പോള്‍ കേരളത്തില്‍ 61 പേരാണ് മരണപ്പെടുന്നതെങ്കില്‍ യുപിയില്‍ 282 പേരാണ്. ആയുര്‍ദൈര്‍ഘ്യത്തില്‍ കേരളീയര്‍ യുപിക്കാരേക്കാള്‍ ശരാശരി പത്തു വര്‍ഷം അധികം ജീവിക്കുന്നു. യുപിയിലെ നവജാത ശിശുക്കളുടെ അതിജീവനശേഷി ബിഹാറിനെക്കാള്‍ നാലു വര്‍ഷവും ഹരിയാനയെക്കാള്‍ അഞ്ചുവര്‍ഷവും ഹിമാചല്‍ പ്രദേശിനെക്കാള്‍ ഏഴു വര്‍ഷവും കുറവാണ്. സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നൂറിലേറെ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞുമരിച്ച ദാരുണ സംഭവത്തിന്റെ നടുക്കം മാറുന്നതിനു മുമ്പാണ് ആരോഗ്യ പരിരക്ഷയുടെ കാര്യത്തില്‍ ഇന്ത്യക്ക് മാതൃകയായ കേരളത്തെ യുപി മുഖ്യമന്ത്രി പരിഹസിച്ചത്. ഇത് മാപ്പ് അര്‍ഹിക്കാത്ത വിവരക്കേടാണെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it