കേരളത്തില്‍ മുങ്ങിമരണങ്ങള്‍ വര്‍ധിക്കുന്നു

പൊന്നാനി: കേരളത്തില്‍ മുങ്ങിമരണങ്ങള്‍ വര്‍ധിക്കുകയാണ്. റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ആളുകള്‍ മരിക്കുന്നത് പുഴയിലോ കുളങ്ങളിലോ വെള്ളച്ചാട്ടങ്ങളിലോ പാറമടകളിലോ മുങ്ങിത്താഴ്ന്നാണ്. 2010ല്‍ 1800 പേരാണു പല അപകടങ്ങളിലായി മുങ്ങിമരിച്ചത്. 2017 ആയപ്പോഴേക്കും മരിച്ചവരുടെ എണ്ണം 2000ത്തിന് മുകളിലായി. ജലാശയങ്ങളിലും കടലോരത്തും മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
മുങ്ങിമരണം ഒഴിവാക്കുന്നതിന് അതോറിറ്റി മുന്നോട്ടുവച്ചിരിക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍: കുളം, പുഴ, പാറമട, കടല്‍ എന്നിവിടങ്ങളില്‍ നീന്തുമ്പോള്‍ സാഹസം ഒഴിവാക്കുക, ഒഴുക്കുള്ള വെള്ളം, വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുത്, വെള്ളത്തിലൂടെ നടക്കേണ്ടിവന്നാല്‍ ഒഴുക്കില്ലാത്ത ഭാഗം തിരഞ്ഞെടുക്കണം. നീന്തല്‍ അറിയില്ലെങ്കില്‍ പുഴ, കായല്‍, കടല്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുത്. കുട്ടികള്‍ മുതിര്‍ന്ന വ്യക്തിയോടൊപ്പം മാത്രം നീന്താനിറങ്ങുക, അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പു പ്രദര്‍ശിപ്പിക്കുക, തദേശവാസികള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തി ല്‍ പരിശീലനം നല്‍കുക, സ്‌കൂളുകളി ല്‍ ഇത്തരം അപകടങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കുകയും രക്ഷാപ്രവര്‍ത്തനം പരിശീലിപ്പിക്കുകയും ചെയ്യുക, വിനോദയാത്രകളില്‍ കുട്ടികളെ വെള്ളത്തില്‍ ഇറക്കാതിരിക്കുക, ബോട്ടിങില്‍ സുരക്ഷാ ജാക്കറ്റ് നിര്‍ബന്ധമാക്കുക, കൂടാതെ വെള്ളത്തിലിറങ്ങുന്നവരെ നിരീക്ഷിക്കാന്‍ കരയി ല്‍ സംവിധാനമുറപ്പാക്കണം.
അപകടമുണ്ടായാല്‍ ആദ്യത്തെ അഞ്ചു മിനിറ്റ് വളരെ നിര്‍ണായകമാണെന്നും അതോറിറ്റി നിര്‍ദേശങ്ങളില്‍ പറയുന്നു. രക്ഷിക്കാനായി എടുത്തുചാടുന്നതും അപകടമാണ്. കൈ കൊടുത്തു രക്ഷിക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. ഇതു സാധ്യമല്ലെങ്കില്‍ രക്ഷയ്ക്കുതകുന്ന സാമഗ്രികള്‍ എറിഞ്ഞുകൊടുക്കുകയോ വള്ളത്തിലോ തോണിയിലോ തുഴഞ്ഞുചെല്ലുകയോ ചെയ്യുക. നീന്തിച്ചെന്നു രക്ഷിക്കുന്നതു നാലാമത്തെ മാര്‍ഗം.
അപകടത്തില്‍പ്പെട്ട വ്യക്തിയെ വെള്ളത്തില്‍ നിന്ന് എടുത്തശേഷം സുരക്ഷിത സ്ഥലത്തു കിടത്തണം. തല ചരിച്ചു കിടത്തിയശേഷം വായിലോ മൂക്കിലോ തടസ്സം ഉണ്ടെങ്കില്‍ അത് ആദ്യം നീക്കം ചെയ്യണം. വയറ്റില്‍ വെള്ളമുണ്ടെങ്കിലും ബലം പ്രയോഗിച്ച് പുറത്തെത്തിക്കാന്‍ ശ്രമിക്കാതിരിക്കുക. അബോധാവസ്ഥയിലാണെങ്കില്‍ ഹൃദയസ്പന്ദനം വീണ്ടെടുക്കാനും ശ്വസനം പുനരുജ്ജീവിപ്പിക്കാനും ശ്രമിക്കണം. ഇതോടൊപ്പം ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കണമെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം ചങ്ങരംകുളം നരണിപ്പുഴയില്‍ തോണിമറിഞ്ഞ് 6 കുട്ടികളാണ് മരിച്ചത്.
Next Story

RELATED STORIES

Share it