Flash News

കേരളത്തില്‍ മതാടിസ്ഥാനത്തില്‍ ആര്‍എസ്എസ് കണക്കെടുപ്പ്

കേരളത്തില്‍ മതാടിസ്ഥാനത്തില്‍ ആര്‍എസ്എസ് കണക്കെടുപ്പ്
X



കോഴിക്കോട്: സംസ്ഥാനത്തെ ജനങ്ങളുടെ മതവും ജാതിയും തിരിച്ചുള്ള കണക്കെടുത്ത് ആര്‍എസ്എസ്. മതസ്ഥാപനങ്ങളുടെയടക്കം പട്ടിക തയ്യാറാക്കി എല്ലാ ജില്ലകളിലെയും നേതൃത്വം പങ്കെടുത്ത അഞ്ചു ദിവസം നീണ്ടുനിന്ന കാര്യകര്‍ത്താ വികാസ് വര്‍ഗ് കൊല്ലത്ത് സമാപിച്ചു. സാമൂഹിക പരിവര്‍ത്തനത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കാനുള്ളതാണ് ജില്ലാ-വിഭാഗ് കാര്യകര്‍ത്താക്കളുടെ ക്യാംപെന്നാണ് ആര്‍എസ്എസ് പറയുന്നതെങ്കിലും പ്രപത്രം- 3/2017-18 എന്ന സര്‍ക്കുലറില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്. പ്രാന്ത കാര്യവാഹക് പി ഗോപാലന്‍കുട്ടി മാസ്റ്ററുടേതാണ് സര്‍ക്കുലര്‍. കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി ചേരിയില്‍ക്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാംപിലേക്ക് സമാഹരിച്ചുകൊണ്ടുവരാന്‍ ജില്ലാ-വിഭാഗ് നേതാക്കള്‍ക്കു കൊടുത്ത നിര്‍ദേശങ്ങള്‍ ഇങ്ങനെ: 1. ജനസംഖ്യ ആകെ, മതപരം, സ്ത്രീ-പുരുഷന്‍, ജാതിയനുസരിച്ച് ജനസംഖ്യാ ശതമാനം, പിന്നാക്കവിഭാഗക്കാര്‍. 2. തൊഴില്‍പരമായ ശതമാനം, പൊതുമേഖല-സ്വകാര്യ-സര്‍ക്കാര്‍ ജീവനക്കാര്‍, കര്‍ഷകര്‍, സ്ഥിര ജോലിക്കാര്‍. 3. സാമുദായിക സംഘടനകള്‍, ജനസംഖ്യ, സ്വാധീനം. 4. പ്രാദേശിക ഭരണകൂടം, ജനപ്രതിനിധികള്‍, കക്ഷി. 5. വിദ്യാഭ്യാസ നിലവാരം- സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, ഹിന്ദു, ക്രൈസ്തവ, ഇസ്‌ലാമിക -ഇതര സ്ഥാപനങ്ങള്‍- വലിയ സ്ഥാപനങ്ങള്‍, മതപരം. 6. ജില്ലയിലെ പ്രശ്‌നബാധിത സ്ഥലങ്ങള്‍, ജില്ലയിലെ പ്രധാന കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. 7. വിദ്യാര്‍ഥി ഹോസ്റ്റലുകളുടെ എണ്ണം. (ഇതില്‍ പിന്നാക്ക വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലും സ്ഥലവും താമസിക്കുന്നവരുടെ എണ്ണവും പ്രത്യേകം നോട്ട് ചെയ്തിരിക്കുന്നു). 8. പിന്നാക്ക ഗ്രാമങ്ങള്‍, കോളനികള്‍ എന്നിങ്ങനെ പോവുന്നു സര്‍ക്കുലറിലെ കണക്കെടുക്കേണ്ട ലിസ്റ്റ്. ഈ കണക്കുകള്‍ വച്ചുള്ള ചര്‍ച്ചകളും തീരുമാനങ്ങളുമാണ് കൊല്ലത്തെ ക്യാംപില്‍ നടന്നതെന്നാണു വിവരം. സഹ സര്‍കാര്യവാഹക് സുരേഷ് സോണി, അഖില ഭാരതീയ സഹ സമ്പര്‍ക്ക് പ്രമുഖ് അരുണ്‍കുമാര്‍ തുടങ്ങിയ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളാണ് ക്യാംപില്‍ പങ്കെടുത്തത്. കൊല്ലം വിഭാഗ് പ്രചാരക് ആര്‍ അനീഷ്, കൊല്ലം മഹാനഗര്‍ കാര്യവാഹക് സി പ്രദീപ് എന്നിവര്‍ക്കായിരുന്നു ക്യാംപിന്റെ ചുമതല. കഴിഞ്ഞവര്‍ഷം കണ്ണൂരില്‍ നടന്ന ക്യാംപില്‍, സാധ്യമാവുന്ന ഗൈനക്കോളജിസ്റ്റുകളെ ഉപയോഗിച്ചു മുസ്‌ലിം സ്ത്രീകളുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിക്കണമെന്നു തീരുമാനം എടുത്തിരുന്നതായി ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അതുസംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങളൊന്നും അധികാരികളില്‍ നിന്ന് ഉണ്ടായില്ല. ഇപ്പോള്‍, മതം തിരിച്ചു ജനസംഖ്യയും സ്ഥാപനങ്ങളുടെ കണക്കും എടുത്തതിനു പിന്നിലും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ആക്ഷേപമുണ്ട്. അഞ്ചുദിവസത്തെ ക്യാംപില്‍ നിന്നു ലഭിച്ച നിര്‍ദേശങ്ങള്‍ അതത് ജില്ലകളില്‍ നടപ്പാക്കാനാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. വര്‍ഗീയതാല്‍പര്യത്തോടെ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

[related]
Next Story

RELATED STORIES

Share it